യാംബു: നാലര വർഷമായി തൊഴിൽ പ്രതിസന്ധിയിൽ കഴിഞ്ഞിരുന്ന മലയാളി യാംബു മലയാളി അസോസിയേഷെൻറ (വൈ.എം.എ) സഹായത്തോടെ നാടണഞ്ഞു. തിരുവനന്തപുരം സ്വദേശി അനിൽകുമാറാണ് നാലര വർഷത്തിനു ശേഷം പ്രവാസത്തോട് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങിയത്. ഒമ്പത് വർഷം മുമ്പ് തൊഴിൽ വിസയിൽ ആദ്യമായി ദമ്മാമിലെത്തിയ ഇദ്ദേഹം കുറച്ചു വർഷം അവിടെ ജോലി ചെയ്ത ശേഷം യാംബുവിലെ സ്വകാര്യ കമ്പനിയിലേക്ക് ജോലി മാറുകയായിരുന്നു. അവിടെ ജോലി ചെയ്യവേ സ്പോൺസർ മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ മാറാൻ ആവശ്യപ്പെട്ടത് പ്രകാരം യാംബുവിലെ ഒരു മാൻപവർ കമ്പനിയുമായി ബന്ധപ്പെടുകയായിരുന്നു.
പുതിയ തൊഴിൽ വിസയിലേക്ക് ഇഖാമ മാറാൻ പലപ്പോഴായി 14,500 റിയാൽ കമ്പനിയുടെ ഓഫിസിൽ അദ്ദേഹം നൽകിയെങ്കിലും തൊഴിൽ മാറ്റം നടത്താൻ കഴിഞ്ഞില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് കമ്പനി കാലതാമസം വരുത്തി. ഇതിനിടയിൽ ഇഖാമയുടെ കാലാവധി കഴിഞ്ഞു. മാസങ്ങൾക്ക് മുമ്പ് കമ്പനി പൂട്ടിപ്പോകുകയും പണം കൈപ്പറ്റിയവർ മുങ്ങുകയും ചെയ്തതോടെ അനിൽകുമാർ പെരുവഴിയിലായി. ഒരു വർഷമായി തൊഴിലും വേതനവുമില്ലാതെ പ്രയാസപ്പെട്ട അദ്ദേഹം സുമനസ്സുകളുടെ കാരുണ്യത്തിൽ ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു. അനിൽകുമാറിെൻറ പ്രശ്നപരിഹാരത്തിനായി വൈ.എം.എ പലവഴിക്കുമുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇഖാമ കാലാവധി കഴിഞ്ഞതും സ്പോൺസറെ കണ്ടെത്താൻ കഴിയാത്തതും പ്രശ്നങ്ങൾ സങ്കീർണമാക്കി.
ഒടുവിൽ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് വഴി ഇന്ത്യൻ എംബസി മുഖേന പ്രശ്നം പരിഹരിക്കുകയായിരുന്നു.വൈ.എം.എ പ്രസിഡൻറ് സലിം വേങ്ങര, മുൻ പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ, നാസർ നടുവിൽ, അസ്ക്കർ വണ്ടൂർ എന്നിവർ അനിൽകുമാറിെൻറ പ്രശ്നപരിഹാരത്തിനായി രംഗത്തിറങ്ങിയിരുന്നു.പ്രവാസി സാംസ്കാരിക വേദി യാംബു മേഖല കമ്മിറ്റി നൽകിയ ജിദ്ദ - തിരുവനന്തപുരം എയർ അറേബ്യ വിമാന ടിക്കറ്റിൽ തിങ്കളാഴ്ച അനിൽകുമാർ നാട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.