റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീതോത്സവമായ ‘സൗണ്ട് സ്റ്റോം ഫെസ്റ്റിവലി’ന്റെ നാലാം പതിപ്പ് ഈ വർഷം ഡിസംബർ 14 മുതൽ 16 വരെ റിയാദിൽ നടക്കും. ലോക പ്രശസ്ത ഡി.ജെ താരങ്ങളോടൊപ്പം പ്രാദേശിക കലാകാരന്മാരെയും അണിനിരത്തി ഒരുക്കുന്ന ഫെസ്റ്റിവൽ മൂന്നു ദിവസം നീണ്ടുനിൽക്കും. സംഗീതപ്രേമികൾക്ക് ടിക്കറ്റുകൾ വിലക്കുറവിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തിയറ്റർ ഉൾപ്പെടുന്നതായിരിക്കും ഫെസ്റ്റിവൽ. സംഗീത വിനോദ മേഖലയിലെ പ്രമുഖ സൗദി കമ്പനിയായ മിഡിൽ ബീസ്റ്റാണ് സംഘാടകർ.
വിസ്മയവും ആവേശവും സൃഷ്ടിക്കുന്ന ഈ വർഷത്തെ സൗണ്ട് സ്റ്റോം ഫെസ്റ്റിവൽ സംഗീതരംഗത്തെ ലോകോത്തര താരങ്ങളും തിളക്കമാർന്ന പേരുകളുംകൊണ്ട് ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു പരിപാടിയായിരിക്കുമെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസറും മിഡിൽ ബീസ്റ്റ് ടാലൻറ് ആൻഡ് ഇവൻറ് റിസർവേഷൻ മേധാവിയുമായ തലാൽ അൽബഹീതി പറഞ്ഞു. അന്താരാഷ്ട്ര സംഗീത പരിപാടികളുടെ ഭൂപടത്തിൽ ഒരു നാഴികക്കല്ലായി ഫെസ്റ്റിവലിന്റെ സ്ഥാനം ഉറപ്പിക്കുന്നതും പ്രാദേശികവും ആഗോളതലത്തിലും സൗദി അറേബ്യയുടെ സംഗീതരംഗത്തെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമായിരിക്കും.
ലോകോത്തര താരങ്ങളുടെ ഒരു വലിയ സംഘം ഫെസ്റ്റിവലിലുണ്ടാകും. കൂടാതെ പ്രാദേശിക പ്രതിഭകൾക്ക് സൗണ്ട് സ്റ്റോമിൽ പ്രകടനം നടത്താനും ലോകമെമ്പാടുമുള്ള മികച്ച സംഗീതജ്ഞരോടും മറ്റ് കലാകാരന്മാരുമായി വേദി പങ്കിടാനും ഇടകലരാനും അവസരങ്ങൾ നൽകുമെന്നും അൽബഹീതി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ‘സൗണ്ട് സ്റ്റോം’സംഗീത പരിപാടിയിൽ ആറ് ലക്ഷത്തിലധികം സംഗീത പ്രേമികളാണ് പങ്കെടുത്തത്. ലോകോത്തര സൂപ്പർതാരങ്ങളായ ബ്രൂണോ മാർസ്, പോസ്റ്റ് മലോൺ, ഡി.ജെ ഖാലിദ്, ഡേവിഡ് ഗ്വെറ്റ, സ്വീഡിഷ് ഹൗസ് മാഫിയ എന്നിവർ ഉൾപ്പെടെ 200 കലാകാരന്മാരുടെ തത്സമയ സംഗീത പ്രകടനങ്ങളാണ് അരങ്ങേറിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.