യാംബു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിരക്കുകൾക്ക് താൽക്കാലിക ഇടവേള. സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഉൾപ്പെടെ മധ്യവേനലവധി ആരംഭിച്ചു. വാർഷിക പരീക്ഷകൾക്ക് ശേഷമാണ് രാജ്യത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിയിലേക്ക് പ്രവേശിച്ചതെങ്കിൽ ഇന്ത്യൻ സ്‌കൂളുകൾ പുതിയ അധ്യായന വർഷത്തിന്റെ ആദ്യ പാദം പിന്നിട്ട ശേഷമാണ് അവധി നൽകുന്നത്. സൗദി വിദ്യാഭ്യാസ വകുപ്പ് കലണ്ടർ പിന്തുടരുന്ന രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള 60 ലക്ഷം വിദ്യാർഥികൾക്കും അഞ്ചു ലക്ഷം അധ്യാപകർക്കും അവധി ആരംഭിച്ചു. ഇനി ഓഗസ്റ്റ് 21 നാണ് സ്‌കൂളുകൾ തുറക്കുന്നത്.
മക്കയിലേക്ക് ഹാജിമാരുടെ ഒഴുക്ക് വർധിച്ചതോടെ മേഖലയിലെ സ്‌കൂളുകൾ നേരത്തെ വാർഷിക പരീക്ഷ നടത്തി അവധിയിൽ പ്രവേശിച്ചിരുന്നു. ചൂട് വർധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ജൂൺ അവസാനം മുതൽ ആഗസ്റ്റ് അവസാനം വരെ മധ്യ വേനലവധി നൽകുന്നത്.
ഏപ്രിലിൽ തന്നെ പുതിയ അധ്യായന വർഷം തുടങ്ങിയ ഇന്ത്യൻ സ്‌കൂളുകൾക്ക് ഇത് പുതിയ ക്ലാസുകളിലെ പഠനത്തിരക്കിനിടയിലുള്ള അവധി കൂടിയാണ്. ആദ്യ ടേം പരീക്ഷ പൂർത്തിയായതിന് ശേഷമാണ് വിവിധ സ്‌കൂളുകളിൽ അവധി ആരംഭിച്ചത്. ആഗസ്ത് അവസാനത്തോടെയും സെപ്തംബർ ആദ്യ വാരത്തോടെയും സൗദിയിലുള്ള ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പഠനം പുനരാരംഭിക്കും. അധ്യയന വർഷത്തിന്നിടയിലെ അവധിയായതിനാൽ വിദ്യാർഥികൾക്ക് പഠനപ്രവർത്തനങ്ങൾ തുടരേണ്ടി വരുന്ന അവസ്ഥയാണ്.
രണ്ടു മാസത്തെ അവധിയും ഒപ്പം ബലി പെരുന്നാളും എത്തുന്നതോടെ കുട്ടികൾക്ക് ഉത്സവകാലമാണ്. വിമാനയാത്രാ നിരക്കിലെ വലിയ വർധന നിമിത്തം ചില പ്രവാസി കുടുംബങ്ങളെങ്കിലും അവധിക്കാല യാത്ര ഒഴിവാക്കി സൗദിയിൽ തന്നെ തുടരുകയാണ്. എന്നാൽ വലിയ യാത്രാചെലവ് താങ്ങാൻ ശേഷിയുള്ളവരായ മലയാളി കുടുംബങ്ങളിൽ മിക്കവയും ഇതിനകം നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.