ജിദ്ദ: റമദാനിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന ‘തർതീൽ -23’ന് തുടക്കമായി. 916 യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭം കുറിക്കുന്ന തർതീൽ, സെക്ടർ സോൺ മത്സരങ്ങൾക്ക് ശേഷം ഏപ്രിൽ അവസാനവാരമാണ് സൗദി വെസ്റ്റ് നാഷനലിൽ ഫൈനൽ മത്സരങ്ങൾ നടക്കുക. പ്രവാസി വിദ്യാർഥി യുവ സമൂഹത്തിന് ഖുർആൻ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തർതീൽ സംഘടിപ്പിക്കുന്നത്. പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളർത്തിക്കൊണ്ടുവരുകയുമാണ് തർതീൽ ലക്ഷ്യംവെക്കുന്നത്.
കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സാമൂഹികജീവിതത്തിന് ഖുർആൻ നൽകുന്ന പ്രാധാന്യം ഓർമപ്പെടുത്തുന്ന ഖുർആൻ സെമിനാർ, ഖുർആൻ അവതരിച്ച ചരിത്ര പ്രദേശങ്ങളുടെ സാംസ്കാരിക പ്രദർശനമായ ഖുർആൻ എക്സ്പോ തുടങ്ങിയവ അനുബന്ധമായും നടക്കും. ചരിത്രശേഷിപ്പിന്റെ അന്വേഷണവും ഓർമപ്പെടുത്തലും പുതുതലമുറക്ക് പകർന്നുനൽകലാണ് ഖുർആൻ എക്സ്പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.
മക്ക, മദീന, യാംബു, ജിദ്ദ സിറ്റി, ത്വാഇഫ്, ജിദ്ദ നോർത്ത്, അസീർ, ജിസാൻ, അൽ ബഹ, തബൂക്ക് തുടങ്ങിയ സോണുകളിലാണ് തർതീൽ നടക്കുക. തർതീൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0536854746, 0530267348 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.