ജുബൈൽ: രാജ്യത്ത് 2022ലെ ജനസംഖ്യാ സെൻസസ് ആരംഭിക്കാൻ സൗദി അധികൃതർ തയാറെടുക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2010ലാണ് രാജ്യത്ത് അവസാനമായി പൊതു ജനസംഖ്യാ സെൻസസ് നടന്നത്. അന്ന് ആകെ ജനസംഖ്യ 27,136,977 ആയിരുന്നു. സമ്പൂർണ സെൻസസിന് മുന്നോടിയായി തബൂക്ക്, അൽഉല, മക്ക, അസീർ, ദിരിയ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ ഏഴ് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൻസസ് ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ഫീൽഡിൽ ശേഖരിച്ച ഡാറ്റ രേഖപ്പെടുത്താൻ സെൻസസ് എടുക്കുന്നവർ ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിക്കും. സെൻസസ് ആരംഭിക്കുന്നതിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആളുകൾ താമസിക്കുന്ന സ്ഥലം, അവരുടെ സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകൾ എന്നിവ ഉൾപ്പെടെ ജനസംഖ്യയെക്കുറിച്ചുള്ള കൃത്യവും വിശദവുമായ വിവരങ്ങളാണ് ശേഖരിക്കുക. ഇത്തരത്തിലുള്ള സ്ഥിതിവിവരക്കണക്കുകൾ ബജറ്റ് രൂപവത്കരിക്കാനും നഗരവികസനത്തിനും ജനസംഖ്യാ വളർച്ചയുടെ അടിസ്ഥാനത്തിൽ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുസേവനങ്ങൾ നൽകാനും ഉപയോഗപ്പെടുത്തും.
വരുമാനം, ജീവിതനിലവാരം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾക്കൊപ്പം വിവിധ താമസക്കാരെയും കുടുംബങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ജി20 രാജ്യങ്ങളും അംഗരാജ്യങ്ങളും ഉപയോഗിക്കുന്ന മികച്ച അന്താരാഷ്ട്ര ജനസംഖ്യാ സെൻസസ് മാതൃകകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സെൻസസ് നടക്കുക. സമഗ്രമായ പഠനത്തിന് ശേഷമാണ് 2022ലെ സൗദി സെൻസസിനായി തങ്ങളുടെ എക്സിക്യൂട്ടിവ് പ്ലാൻ തയാറാക്കിയതെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളുടെയും സമഗ്രമായ കവറേജ് ഉറപ്പാക്കുന്നതിനും രജിസ്റ്റർ ചെയ്യാത്ത വാസസ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സാറ്റ്ലൈറ്റ് സാങ്കേതികവിദ്യ സെൻസസിന് ഉപയോഗിക്കും. കൂടാതെ, അതോറിറ്റിയുടെ വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് അവരുടെ സെൻസസ് ഡേറ്റ നൽകാൻ അനുവദിക്കുന്ന സംവിധാനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.