ദമ്മാം: വിവിധ തൊഴിൽ പ്രശ്നങ്ങളിൽപെട്ട് നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്നതിനിടെ മരണപ്പെട്ട ബിഹാർ സ്വദേശി മുഷ്താഖ് അഹമ്മദിന്റെ മൃതദേഹം മലയാളി സാമൂഹികപ്രവർത്തകർ നാട്ടിലെത്തിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനാണ് (ഐ.സി.എഫ്) ഭർത്താവിന്റെ ചേതനയറ്റ ശരീരമെങ്കിലും കാണണമെന്നുള്ള ഭാര്യയുടെ ആഗ്രഹം സഫലീകരിച്ച് കൊടുത്തത്. 18 വർഷം മുമ്പാണ് മുഷ്താഖ് സൗദിയിലെത്തിയത്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത കമ്പനികളിൽ തുച്ഛമായ വേതനത്തിന് ജോലിചെയ്ത് കിട്ടുന്ന ശമ്പളം മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പുമാറ്റാനും നിത്യചെലവിനുമായി അയച്ചുകൊടുത്തിരുന്നു. പിന്നീട് മുഷ്താഖ് അഹമ്മദിന് ജോലി നഷ്ടപ്പെട്ടു. വർഷങ്ങളോളം ജോലിയും ശമ്പളവുമില്ലായിരുന്നു.
നാലുവർഷമായി നാട്ടിൽ പോകാനും കഴിഞ്ഞില്ല. ഇതിനിടയിലാണ് ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നത്. ഏപ്രിൽ നാലിന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബം ഇതോടെ നിരാലംബമായി. ഐ.സി.എഫ് യു.എ.ഇ ക്ഷേമകാര്യ സമിതി ഭാരവാഹി അബ്ദുൽകരീം തളങ്കര സൗദി നാഷനൽ സംഘടന സമിതി പ്രസിഡന്റ് നിസാർ കാട്ടിലിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എഫ് ഈ വിഷയത്തിൽ ഇടപെട്ടത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മദീനയിലുള്ള ബന്ധുവിന്റെ സഹായത്തോടെ സ്പോൺസറുമായും നാട്ടിലെ അവകാശികളുമായും ബന്ധപ്പെട്ടു.
നാലുവർഷത്തിലധികമായി കാത്തിരിക്കുന്ന പ്രിയതമന്റെ മൃതദേഹം എങ്കിലും അവസാനമായി ഒന്ന് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുഷ്താഖ് അഹ്മദിന്റെ ഭാര്യയുടെ ആവശ്യം മുൻനിർത്തി നാട്ടിൽ അയക്കാൻ ആവശ്യമായ നടപടികൾ ഐ.സി.എഫ് കൈക്കൊള്ളുകയായിരുന്നു. കഴിഞ്ഞദിവസം ലഖ്നോവിലേക്ക് ഇൻഡിഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോയി. ഭാരവാഹികളായ നിസാർ എസ്. കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, അഹ്മദ് നിസാമി, മുനീർ തോട്ടട, സകീർ ഹുസൈൻ മാന്നാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.