വോട്ട് ചെയ്യാനുള്ള ഒരവസരവും പഴാക്കാറില്ല. നാട്ടിലുണ്ടെങ്കിൽ ഇത്തവണയും വോട്ട് ചെയ്യും. രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണ് എന്ന ഭരണഘടനാതത്വം ഉന്നത നീതിപീഠങ്ങൾ വരെ മാനിക്കാതിരിക്കുമ്പോൾ പ്രായോഗികതലത്തിൽ സമസ്ത പൗരന്മാരും തുല്യരായി മാറുന്ന രാജ്യത്തെ ഒരേ ഒരു സന്ദർഭം തെരഞ്ഞെടുപ്പുകളായിരിക്കും. ശതകോടീശ്വരനായ അംബാനിക്കും ദാരിദ്ര്യരേഖയിൽ താഴെയുള്ള ഒരു സാധാരണക്കാരനും ഒരേമൂല്യമുള്ള ഒരൊറ്റ വോട്ട്.
അതുകൊണ്ട് തെരഞ്ഞെടുപ്പുകളെ ഓരോ പൗരനും വിവേകപൂർവം ഉപയോഗപ്പെടുത്തണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. അധികാര കേന്ദ്രീകരണം എന്നത് ആധുനിക സമൂഹത്തിന് ചേരാത്ത ജനാധിപത്യവിരുദ്ധ ആശയമാണ്. അവിടെയാണ് അധികാര വികേന്ദ്രീകരണം ശരിയായ അർഥത്തിൽ നടപ്പാക്കിയ കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനങ്ങൾ വ്യത്യസ്തമാകുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തികളെ മാത്രം നോക്കി വോട്ട് ചെയ്താൽ മതി എന്ന കാഴ്ചപ്പാടിനോട് വിയോജിപ്പാണുള്ളത്.വ്യക്തികളെ മാത്രം നോക്കിയാൽ പോരാ, അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ നയങ്ങളും നിലപാടുകളും കൂടി പരിഗണിച്ചുകൊണ്ട് വേണം വോട്ട് രേഖപ്പെടുത്താൻ.
ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ലാതിരിക്കുക, ഉള്ള നിലപാടിൽ തന്നെ ഉറച്ച് നിൽക്കാതിരിക്കുക, അഴകൊഴമ്പൻ നിലപട് സ്വീകരിക്കുക തുടങ്ങിയ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പാർട്ടികൾക്ക് വോട്ട് നൽകാൻ ഇഷ്ടപ്പെടുന്നില്ല. നയവും നിലപാടും സംഘടനാ കെട്ടുറപ്പും ഉണ്ടായിരിക്കുകയും ഒപ്പം പാർട്ടിക്കകത്ത് കുടുംബാധിപത്യവും കെട്ടിയിറക്കലും നോമിനേഷനും പകരം ആന്തരിക ജനാധിപത്യമുള്ളതും കർഷകരോടും സാധാരണക്കാരോടും തൊഴിലാളികളോടും പ്രതിബദ്ധതയുമുള്ളതുമായ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിക്കായിരിക്കും എെൻറ പിന്തുണ.
പൊതുവിതരണസംവിധാനം, പൊതുവിദ്യാഭ്യാസം, പൊതുമേഖലാ ആരോഗ്യ സംവിധാനം, പൊതുമേഖലാ വ്യവസായം എന്നിവ ശക്തിപ്പെടുത്താൻ ഏത് മുന്നണിയാണ് ആത്മാർഥമായി പരിശ്രമിച്ചത് എന്ന വസ്തുതകൂടി പരിഗണിച്ചായിരിക്കും ഏത് മുന്നണിയുടെ സ്ഥാനാർഥിയെ പിന്തുണക്കണം എന്ന് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.