യാംബു: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഇൗ മാസം 29ന് യാംബു മേഖല സന്ദർശിക്കും. അൽമനാർ ഇൻറർനാഷനൽ സ്കൂൾ ബോയ്സ് സെഷനിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള ഇന്ത്യക്കാർ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
യാംബുവിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കു മാത്രമുള്ള സേവനമാണിതെന്നും പ്രദേശത്തിന് പുറത്തുള്ളവരുടെ അപേക്ഷകൾ പരിഗണിക്കില്ലെന്നും ജിദ്ദ കോൺസുലേറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. യാംബുവിലെ പാസ്പോർട്ട് സേവാകേന്ദ്രമായ 'വേഗാ'ഓഫിസ് ജനുവരി മുതൽ അടച്ചുപൂട്ടിയിട്ടുണ്ട്. അതിനാൽ ഇനിമുതൽ മേഖലയിലെ പ്രവാസികൾക്ക് പാസ്പോർട്ട് സംബന്ധമായ അപേക്ഷകളും മറ്റും കോൺസുലർ മാസാന്ത സന്ദർശനം നടത്തുമ്പോൾ മാത്രമാണ് സമർപ്പിക്കാൻ കഴിയുക.
അതുമല്ലെങ്കിൽ ജിദ്ദയിലുള്ള കോൺസുലേറ്റിൽ നേരിട്ടെത്തി അപേക്ഷകൾ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് വ്യവസായനഗരത്തിൽ ജോലിചെയ്യുന്ന നൂറുകണക്കിന് പ്രവാസികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയ കാര്യം നേരേത്ത 'ഗൾഫ് മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ ദിവസവും പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന അവസ്ഥ പുനഃസ്ഥാപിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യാംബുവിലെ പ്രവാസി ഇന്ത്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.