ജിദ്ദ: സൗദി അറേബ്യയിലെ wage security of employees in the private sectorപദ്ധതിയുടെ അന്തിമ ഘട്ടം ഡിസംബറിൽ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്നിന് വേതനസുരക്ഷ പദ്ധതിയുടെ അവസാനഘട്ടം ആരംഭിക്കും. ഒന്നു മുതൽ നാലു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ഇൗ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
ഇത്തരം സ്ഥാപനങ്ങൾ തീരുമാനം നിർബന്ധമായും പാലിക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനം നിശ്ചിതസമയത്ത് നൽകിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതാണ് ഇൗ പദ്ധതി. വേതനം കൃത്യമായി നിർണയിക്കുകയും ബാങ്ക് വഴി അവ വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതി ആറു വർഷം മുമ്പാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ ആരംഭിച്ചത്. ഇൗ വർഷം ഒമ്പതു മാസത്തിനിടെ തൊഴിൽ നിയമലംഘനം കണ്ടെത്താൻ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 4,35,000 പരിശോധനകൾ നടത്തി.
തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്വദേശിവത്കരണത്തിനും മന്ത്രാലയം നിശ്ചയിച്ച തീരുമാനങ്ങൾ തൊഴിലുടമകൾ നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരാണ് ഇത്രയും പരിശോധനകൾ നടത്തിയത്. തൊഴിൽവിപണയിൽ പൊതുവിൽ 90 ശതമാനം സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ വിപണി വ്യവസ്ഥാപിതമാക്കുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള തീരുമാനങ്ങൾ നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൗ വർഷം മേയ് മാസത്തിലാണ് 10 ലക്ഷം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തൊഴിലുടമകൾക്കായി ഇത് സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കിയത്. നിയമലംഘനങ്ങൾ, പരിശോധന നടപടികൾ, സേവനങ്ങൾ, തൊഴിലാളികളോടുള്ള ബാധ്യതകൾ, തൊഴിൽ മേഖലയിലെ സുരക്ഷ, തൊഴിലാളികളുടെ അവകാശങ്ങൾ, റിക്രൂട്ടിങ് തുടങ്ങിയ കാര്യങ്ങളും അതിൽ വിവരിച്ചിട്ടുണ്ട്. അത് തൊഴിലുടമകൾ പാലിക്കേണ്ടതുണ്ട്.
2020ൽ തൊഴിൽ ആരോഗ്യസുരക്ഷ സംബന്ധിച്ച് വെർച്വൽ സമ്മേളനവും നടത്തി. കോവിഡ് പശ്ചാത്തലത്തിൽ നടന്ന സമ്മേളനത്തിൽ 8000ത്തിലധികം പേർ പെങ്കടുത്തു. തൊഴിൽ മേഖലയിലെ ആരോഗ്യസുരക്ഷയും ആരോഗ്യ സംവിധാനവും പാലിക്കുന്നതിെൻറ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഇൗ സമ്മേളനം സഹായകമായി. ആരോഗ്യ മുൻകരുതൽ നടപടികളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കൽ മുഴുവൻ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കി. സോഷ്യൽ ഇൻഷുറൻസ് ജനറൽ ഒാർഗനൈസേഷനുമായി സഹകരിച്ച് തൊഴിലാളിയും തൊഴിലുടമകളും തമ്മിൽ 'ഏകീകൃത ഇലക്ട്രോണിക് കരാർ' ഇനിഷ്യേറ്റീവിനുള്ള ശ്രമം മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
തൊഴിലാളിയും ജീവനക്കാരും തമ്മിലുള്ള ബന്ധം അടുപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുടമയുമായുള്ള തൊഴിൽ കരാർ തൊഴിലുടമ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്നതാണിത്. സോഷ്യൽ ഇൻഷുറൻസ് വഴി ഒപ്പിട്ട കരാറിെൻറ മുഴുവൻ വിശദാംശങ്ങളും ജോലിക്കാരന് കാണാൻ സാധിക്കും. അത് അംഗീകരിക്കാനോ, നിരസിക്കാനോ കഴിയും.
ബന്ധപ്പെട്ട എല്ലാ ഗവൺമെൻറ് വകുപ്പുകളുമായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം പിന്നീട് ബന്ധിപ്പിക്കുമെന്നും മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.