മക്കയിലെത്തിയ മലയാളി ഹാജിമാർക്ക് നൽകിയ സ്വീകരണം

കേരളത്തിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മക്കയിൽ

മക്ക: മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ആണ് ജിദ്ദ വഴി ഹാജിമാർ മക്കയിലെത്തിയത്. വിവിധ മലയാളി സന്നദ്ധസേവകർ ചേർന്ന് സംഘത്തിന് ഊഷ്മള സ്വീകരണം നൽകി. കോഴിക്കോട്ട് നിന്ന് ഇൻഡിഗോ വിമാനത്തിൽ ഖത്തർ വഴി യാത്ര ചെയ്ത് ഇന്ന് പുലർച്ചെ 3.30ന് ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയ സ്ത്രീകളടക്കം 49 മലയാളി തീർഥാടകരാണ് രാവിലെ 8.30 ഓടെ മക്കയിലെത്തിയത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ അൽഹിന്ദ് ട്രാവൽസിന് കീഴിലാണ് ഹാജിമാർ എത്തിയത്.

മസ്ജിദുൽ ഹറാമിന് സമീപം ലേമെറിഡിയൻ ഹോട്ടലിലാണ് ആദ്യ മലയാളി തീർഥാടക സംഘം താമസിക്കുന്നത്. മക്കയിലെത്തിയ ആദ്യ മലയാളി തീർഥാടകർക്ക് കെ.എം.സി.സി, വിഖായ തുടങ്ങിയ മലയാളി സന്നദ്ധ വളണ്ടിയർമാർ ചേർന്നു സ്വീകരണം ഒരുക്കി. ഹാജിമാരെ സ്വീകരിക്കാനായി ഭക്ഷണവും മറ്റ് സമ്മാനങ്ങളും സന്നദ്ധ സംഘടനകൾ ഒരുക്കിയിരുന്നു. 79,362 തീർഥാടകർക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 56,601 ഹാജിമാർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയും 22,761 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കീഴിലും ആണ് ഹജ്ജിനെത്തുന്നത്.

മക്കയിലെത്തിയ മലയാളി ഹാജിമാരെ കെ.എം.സി.സി ഗിഫ്റ്റ് നൽകി സ്വീകരിച്ചപ്പോൾ

രാജ്യത്തെ 10 എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർ ഈ മാസം നാല് മുതൽ മദീനയില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇവർ എട്ട് ദിവസം മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം മക്കയിൽ എത്തും. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തുന്ന ഹാജിമാരിൽ ഭൂരിഭാഗവും മക്കയിൽ എത്തിയതിനുശേഷമാണ് മദീന സന്ദർശിക്കാൻ പുറപ്പെടുക.

മക്കയിലെത്തിയ ഹാജിമാർ ഉംറയും മക്കയിലെ പുണ്യസ്ഥലങ്ങളിലെ സന്ദർശനവും പൂർത്തീകരിച്ച ശേഷമായിരിക്കും മദീനയിലേക്ക് പുറപ്പെടുക. മദീനയിലെത്തിയ മലയാളി തീർഥാടകർ അടുത്ത ദിവസങ്ങളിൽ മക്കയിലേക്ക് യാത്രയാവും. കഴിഞ്ഞ കുറച്ചു നാളുകളായി കനത്ത ചൂടിലാണ് പുണ്യകേന്ദ്രങ്ങൾ.

മക്കയിലെത്തിയ മലയാളി ഹാജിമാരെ സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചപ്പോൾ


 


Tags:    
News Summary - The first group of pilgrims from Kerala arrived in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.