കഅ്ബയിലെ 'കിസ്‌വ'യുടെ അറ്റകുറ്റപ്പണി പൂർത്തിയായി

യാംബു: കഅ്ബയുടെ വസ്ത്രമായ 'കിസ്‌വ'യുടെ അറ്റകുറ്റപ്പണി പൂർത്തിയായി. കിസ്‌വയുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും ഇരുഹറം കാര്യാലയം വലിയ പരിഗണനയാണ് നൽകുന്നതെന്ന് കഅ്ബ കിസ്‌വ കോംപ്ലക്‌സ് അണ്ടർ സെക്രട്ടറി ജനറൽ അംജദ് ബിൻ അയ്ദ് അൽ-ഹസ്മി പറഞ്ഞു. കഅ്ബയുടെ കിസ്‌വ നിർമിക്കുന്നതിനുള്ള കിങ് അബ്ദുൽ അസീസ് കോംപ്ലക്‌സും കിസ്‌വയുടെ പരിപാലനത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷനും പ്രതിനിധാനം ചെയ്യുന്ന ഇരുഹറം പള്ളികളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയാണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചത്. കഅ്ബയുടെ റുക്‌നുൽ യമാനിക്ക് ചുറ്റുമുള്ള ഭാഗത്തെ തുണിയിലാണ് ഇത്തവണ അറ്റകുറ്റപ്പണികൾ നടന്നത്.

മക്കയിലെ ഉമ്മുൽ ജൂദ് മേഖലയിലെ കിങ് അബ്ദുൽ അസീസ് കിസ്‌വ ഫാക്ടറിയിൽ മാസങ്ങളെടുത്താണ് കഅ്ബയെ അണിയിക്കുന്ന 'കിസ്‌വ' വസ്ത്രം നിർമിക്കുന്നത്. മക്കയിലെത്തുന്ന തീർഥാടകർ ഹജ്ജിന്റെ മുഖ്യചടങ്ങിനായി അറഫയിൽ സമ്മേളിക്കുമ്പോൾ ഹറമിൽ തിരക്കൊഴിയുന്ന ദുൽഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ്‌വ അണിയിക്കാറുള്ളത്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്ന് താഴേക്ക് മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയിൽ ബെൽറ്റും ഉണ്ട്. ഇതിന്റെ ആകെ നീളം 47 മീറ്ററാണ്. 670 കിലോ പ്രകൃതിദത്തമായ ശുദ്ധമായ പട്ടും 120 കിലോ സ്വർണനൂലും 100 കിലോ വെള്ളിനൂലും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഒരു കിസ്‌വ നിർമിക്കാൻ രണ്ടേകാൽ കോടിയിലേറെ റിയാൽ ചെലവ് വരും. ഒമ്പത് മാസമെടുത്താണ് പണി പൂർത്തിയാക്കുന്നത്. 200ഓളം ജോലിക്കാരാണ് കിസ്‌വ നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്.

Tags:    
News Summary - The repair of the 'Kiswa' of the Kaaba has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.