റിയാദ്: സൗദി തലസ്ഥാന നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോ പദ്ധതിയുടെ സിവിൽ, കൺസ്ട്രക്ഷൻ ജോലികൾ 92 ശതമാനവും പൂർത്തിയായതായി റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലൊന്നിൽ നടത്തിയ പരിശോധനക്കു ശേഷം കമീഷൻ ഉപദേഷ്ടാവ് ഹുസാം അൽ ഖുറഷിയാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളാണ് അവശേഷിക്കുന്നത്. റിയാദ് മെട്രോയിലേക്കുള്ള 184 ട്രെയിനുകൾ ഇതിനകം ഇറക്കുമതി ചെയ്ത് പരീക്ഷണ ഓട്ടത്തിലാണെന്നും അൽ-അറബിയ ചാനലിനോട് സംസാരിക്കവേ അൽ ഖുറഷി പറഞ്ഞു. ട്രെയിനുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം പുരോഗമിച്ച ഘട്ടത്തിലെത്തിക്കഴിഞ്ഞു. സുരക്ഷിതത്വവും സുസജ്ജതയും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. പരീക്ഷണ സർവിസുകൾക്കിടെ ആറ് ലൈനുകളിലൂടെയും ആകെ 20 ലക്ഷം കിലോമീറ്റർ ദൂരം ട്രെയിനുകൾ ഓടി. തലസ്ഥാന നഗരത്തിൽ നടപ്പാക്കുന്ന കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പ്രോജക്ടിെൻറ ഭാഗമാണ് റിയാദ് മെട്രോ (റിയാദ് ഇലക്ട്രിക് ട്രെയിൻ). നഗരത്തിെൻറ മുക്കുമൂലകളെയും മെട്രോ റെയിൽ സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവിസും ഈ പ്രോജക്ടിെൻറ ഭാഗമാണ്. ബസും ട്രെയിനും കൂടിച്ചേരുമ്പോഴാണ് പദ്ധതി പൂർണമാകുന്നത്. നഗരത്തിൽ ബസുകൾ ഓടിത്തുടങ്ങാനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ആദ്യ പാദത്തിെൻറ അവസാനത്തോടെ ബസ് സർവിസ് പൂർണതോതിൽ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് റിയാദ് മെട്രോയെന്നും അൽഖുറഷി വെളിപ്പെടുത്തി. തലസ്ഥാനമായ റിയാദ് നഗരത്തെ എല്ലാ ദിശകളുമായി ബന്ധിപ്പിക്കുന്ന ആറ് പ്രധാന മെട്രോ ലൈനുകളും 85 റെയിൽവേ സ്റ്റേഷനുകളുമാണ് ഇതിലുള്ളത്. ഒപ്പം ബസ് സർവിസ് ശൃംഖലയും. ട്രെയിനും ബസ് സർവിസും കൂടിച്ചേരുമ്പോൾ ആകെ സഞ്ചാര ദൂരം 1800 കിലോമീറ്ററാണ്.
നഗരത്തിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെയും 350 കിലോമീറ്റർ റെയിൽ റോഡുകളുടെയും ഭൂരിഭാഗം ജോലികളും പൂർത്തിയായതായും പൂർത്തീകരിക്കാൻ 40,000 പ്രവൃത്തി മണിക്കൂറുകളെടുത്തതായും അദ്ദേഹം പറഞ്ഞു. പ്രതിദിനം നഗരത്തിനുള്ളിൽ സ്വകാര്യ പൊതു വാഹനങ്ങളുടെ രണ്ടരലക്ഷം ട്രിപ്പുകൾ കുറക്കാനും അതിലൂടെ പ്രതിദിനം നാലു ലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാനും കാർബൺ പുറന്തള്ളലിെൻറ ശതമാനം കുറക്കാനും പദ്ധതി സഹായിക്കുമെന്നും ഹുസാം അൽഖുറശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.