ജിദ്ദ: റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക പ്രവേശന കവാടങ്ങൾക്കടുത്താണ് ബാഹ്യ പാർക്കിങ് സ്ഥലങ്ങൾ.
ഹജ്സ് ശറാഅ, ഹജ്സ് അൽഹദാ, ഹജ്സ് നൂരിയ, ഹജ്സ് സാഇദി, ഹജ്സ് അലൈത് എന്നിവയാണത്. മക്കക്ക് പുറത്തുനിന്നെത്തുന്നവർക്ക് ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇവിടങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചും മുഴുവൻ സമയ ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹറമിലേക്ക് എത്തുന്നത് എളുപ്പമാക്കാൻ മക്കക്കുള്ളിൽ ആറ് പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.
അമീർ മുത്ഇബ് പാർക്കിങ്, ജംറാത്ത്, കുദായ്, സാഹിർ, റുസൈഫ, ദഖം അൽവബർ എന്നീ പാർക്കിങ്ങുകളാണവ. തീർഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങളെ നിയുക്ത പാർക്കിങ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിടുന്നതിന് ട്രാഫിക് വകുപ്പ് നിരവധി ഗതാഗത നിയന്ത്രണ പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്കും സന്ദർശകർക്കും അനുയോജ്യമായ സ്റ്റോപ്പുകളും റോഡുകളും തിരഞ്ഞെടുക്കുന്നതിനും പൊതുഗതാഗതം ഉപയോഗിക്കുന്നതിനും ഹറമിലെത്തിച്ചേരുന്നതിന് എളുപ്പമാക്കുന്ന ഇന്ററാക്ടിവ് മാപ്പുകളും ട്വിറ്ററിൽ ട്രാഫിക് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.