റിയാദ്: 2030ലെ വേൾഡ് എക്സ്പോ സൗദി അറേബ്യയിലാണെന്ന് ഫ്രഞ്ച് തലസ്ഥാനത്തുനിന്ന് പ്രഖ്യാപനം വന്നതോടെ റിയാദ് നഗരം ആഘോഷത്തിമിർപ്പിലമർന്നു. നഗരത്തിലെ പ്രധാന വീഥിയായ കിങ് ഫഹദ് ഹൈവേയുടെ ഓരത്തുള്ള അംബരചുംബികളിൽ നിന്നെല്ലാം വർണവെളിച്ചങ്ങൾ ആകാശത്തെ പ്രഭാപൂരിതമാക്കി.
ഡ്രോണുകൾ ഉയരങ്ങളിലേക്കു പറന്ന് മാനത്ത് ‘റിയാദ് എക്സ്പോ’ക്ക് സ്വാഗതമെന്ന് വർണരശ്മികളാൽ വരഞ്ഞു. എക്സ്പോയുടെ വർണശബളമായ ലോഗോയും വരച്ചു.
വാഹനങ്ങളിൽനിന്നും നഗര തെരുവുകളിൽനിന്നും ഭരണാധികാരികൾക്ക് അഭിവാദ്യങ്ങളും പ്രാർഥനകളും മുഴങ്ങി. രാജ്യം പുരോഗതിയുടെ ഉച്ചസ്ഥായിയിലേക്ക് ഉയരുന്നതിന് കിരീടാവകാശി അവതരിപ്പിച്ച ‘വിഷൻ 2030’ പരിവർത്തന പദ്ധതിയുടെ പതാകകൾ പലയിടത്തും ഉയർന്നു. നിമിഷനേരം കൊണ്ട് നഗരത്തിലെ പ്രധാന പരസ്യ ബോർഡുകളിലെല്ലാം എക്സ്പോ റിയാദിലെത്തുന്ന ആഹ്ലാദം പങ്കുവെക്കുന്ന ഡിജിറ്റൽ പോസ്റ്റുകൾ മിന്നിത്തെളിഞ്ഞു.
കോഫി ഷോപ്പുകളിലും റസ്റ്റാറന്റുകളിലും മധുരം പങ്കിട്ട് ആളുകൾ നൃത്തമാടി. ടെലികോം സേവനദാതാക്കൾ മൊബൈൽ ഫോൺ സ്ക്രീനുകളിൽ സ്ക്രോളിങ് നടത്തി വിവരം പരത്തി. വിവിധ സർക്കാർ വകുപ്പുകൾ എസ്.എം.എസുകൾ കൊണ്ട് ഫോൺ മെസേജ് ബോക്സുകളിലേക്ക് സന്തോഷം ഒഴുക്കി.
സ്ഥാപനങ്ങളും ഓഫിസുകളും രാജ്യത്തെ അഭിവാദ്യം ചെയ്തത് പോസ്റ്ററുകൾ പുറത്തിറക്കി. രാജ്യം പൂർണമായി ഒരുങ്ങിയതിന്റെ സൂചനകളായിരുന്നു ചൊവ്വാഴ്ച രാത്രി വൈകുവോളവും തലസ്ഥാന നഗരിയിലാകെ കണ്ടത്.
എക്സ്പോ പ്രഖ്യാപനത്തിലൂടെ വിപണിയിലാകെ പുതിയ പ്രതീക്ഷകൾ പരന്നു. ചെറുകിട-വൻകിട സ്ഥാപനങ്ങൾ ഈ സവിശേഷാവസരം പൂർണമായി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ജി.സി.സി രാജ്യങ്ങളിൽ നിന്നുൾപ്പെടെ വ്യത്യസ്തത മേഖലകളിൽ നിന്നുള്ള നിക്ഷേപങ്ങളും വൻകിട കമ്പനികളും റിയാദിലെത്തും. തൊഴിൽ സാധ്യതകളും സംരംഭക സാധ്യതകളും പതിന്മടങ്ങായി വർധിക്കും. എക്സ്പോ വേദികൾ ഒരുക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നിർമാണ കമ്പനികളും തലസ്ഥാനത്തെത്തും.
2034ലെ ലോകകപ്പ് മത്സരത്തിന് സൗദി വേദിയാകുമെന്ന പ്രഖ്യാപനംകൂടി വന്നാൽ എല്ലാ അർഥത്തിലും ഇനിയുള്ള 10 വർഷം സൗദി അറേബ്യയുടേതാകും. എക്സ്പോ സൗദി അറേബ്യക്ക് ലഭിച്ചതോടെ 2034ലെ ഫിഫ ലോകകപ്പും ലഭിക്കാനുള്ള സാധ്യത പെരുകിയെന്നാണ് പൊതുവിലയിരുത്തൽ. അടിമുടി മാറ്റം ലക്ഷ്യംവെച്ച് കിരീടാവകാശി പ്രഖ്യാപിച്ച ‘വിഷൻ 2030’ അക്ഷരാർഥത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിയെന്നാണ് എക്സ്പോയുടെ വരവോടെ അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.