ദമ്മാം: സൗദിയിൽ പുതുതായി പ്രഖ്യാപിച്ച കോവിഡ്കാല നിബന്ധനകളെത്തുടർന്ന് രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ ബഹ്റൈനിൽ കുടുങ്ങിപ്പോയവരുടെ പ്രതിസന്ധി അനിശ്ചിതമായി നീളുന്നു. കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്ന പ്രഖ്യാപനം മേയ് 20 മുതലാണ് സൗദി അറേബ്യ നടപ്പാക്കിയത്.
എന്നാൽ, യാത്ര നിരോധനപ്പട്ടികയിൽപെടാത്ത രാജ്യത്ത് 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കിയവർക്ക് വിമാനത്താവളം വഴി സൗദിയിലേക്ക് വരാൻ അനുമതിയുണ്ട്. ഇവർ ഏഴു ദിവസം സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ പാലിക്കേണ്ടതുണ്ട്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കം നിരവധി പേരാണ് ബഹ്റൈനിൽ കുടുങ്ങിയത്. ബഹ്റൈൻ വിസയും ക്വാറൻറീൻ ചെലവും ഭീമമായ ടിക്കറ്റ് നിരക്കും കൊടുത്ത് ബഹ്റൈനിൽ എത്തിയവർക്ക് ഇരുട്ടടിയായി മാറുകയായിരുന്നു ഈ നിയമം.
ബഹ്റൈനിൽനിന്ന് വിമാനത്താവളം വഴി വരുന്നവർ ടിക്കറ്റിനൊപ്പം തന്നെ ക്വാറൻറീൻ ഹോട്ടൽ ബുക്കിങ്ങും പൂർത്തിയാക്കിയിരിക്കണം. ഈ നിയമം മുതലെടുത്ത് വിമാനക്കമ്പനികൾ വൻ തുകകൾ ഈടാക്കി യാത്രക്കാരെ പിഴിയുകയാണ്. നേരേത്ത സൗദി എയർലൈൻസ് തങ്ങളുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ 2500 റിയാൽ മുതൽ ക്വാറൻറീൻ സംവിധാനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സൗദി എയർലൈൻസിന് ദമ്മാമിലേക്ക് സർവിസില്ല. കഴിഞ്ഞദിവസം ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് ഗൾഫ് എയർ വഴി വന്ന കോഴിക്കോട് സ്വദേശികളായ കുടുംബത്തിന് ടിക്കറ്റിന് 1500 റിയാൽ വീതവും ഒറ്റമുറി സൗകര്യമുള്ള ഹോട്ടൽ ക്വാറൻറീൻ ചാർജ് 5500 റിയാൽ വീതവുമാണ് നൽകേണ്ടിവന്നത്. രണ്ടുനേരം മാത്രം ലഭിക്കുന്ന ഭക്ഷണം ഒരു നിലവാരവും പുലർത്താത്തതാെണന്നും ഇവർ പറയുന്നു. രാവിലെ 11.30 ആകുമ്പോൾ ലഭിക്കുന്ന കഫ്സ റൈസും രാത്രിയിൽ ലഭിക്കുന്ന ഖുബ്ബൂസും മാത്രമാണ് ഭക്ഷണം. അധികമായി എന്തു വേണമെങ്കിലും ഫൈവ് സ്റ്റാർ ഭക്ഷണത്തിെൻറ വില നൽകണം. എന്നാലിപ്പോൾ ഈ തുകക്കും ക്വാറൻറീനും ടിക്കറ്റും കിട്ടാനില്ലെന്ന് സൗദിയിലേക്ക് വരാൻ ബഹ്റൈനിൽ കഴിയുന്ന തൃശൂർ സ്വദേശി പറഞ്ഞു.
9000 റിയാൽ മുതൽ 12,000 റിയാൽ വരെയാണത്രേ ഇപ്പോൾ ആവശ്യപ്പെടുന്നത്.ടിക്കറ്റ് നിരക്ക് ഇക്കണോമി ക്ലാസിൽ ഏറ്റവും കൂടിയ നിരക്കായ 1950 റിയാലിെൻറ ടിക്കറ്റ് മാത്രമേ ഏറ്റവും കുറഞ്ഞ തുകയിൽ ലഭ്യമാവൂ. ക്വാറൻറീൻ ഹോട്ടൽ ബുക്കിങ് ടിക്കറ്റുമായി ലിങ്ക് ചെയ്താൽ മാത്രമേ ബഹ്റൈനിൽനിന്ന് ബോർഡിങ് ചെയ്യാൻ സാധിക്കൂ. അതേസമയം, നാട്ടിൽനിന്നുള്ള നിരവധി ട്രാവൽസുകൾ ബഹ്റൈനിലേക്ക് യാത്രക്കാർക്ക് പാക്കേജുകൾ പ്രഖ്യാപിക്കുകയാണ്. ഇത്തരം ചതിയിൽ കുടുങ്ങരുതെന്ന് നോർക്ക പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എംബസികൾ ഇടപെട്ട് ബഹ്ൈറനിൽ ഉള്ളവർക്ക് യാത്ര സംവിധാനവും മറ്റു സൗകര്യങ്ങളും ഒരുക്കിയാൽ മാത്രമേ ഇതിന് പരിഹാരമാവൂ. ഇരു എംബസികളും ഇതിനുള്ള തീവ്രശ്രമം നടത്തുകയാെണന്ന് കഴിഞ്ഞദിവസം സൗദി അംബാസഡർ അറിയിച്ചിരുന്നെങ്കിലും പരിഹാരം അനന്തമായി നീളുകയാണ്.
മനാമ: കിങ് ഫഹദ് കോസ്വേ വഴിയുള്ള യാത്ര മുടങ്ങിയതിനാൽ ബഹ്റൈനിൽ കുടുങ്ങിയ 1000ത്തോളം ഇന്ത്യക്കാരിൽ 300ഒാളം പേർ ഇതിനകം സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള സൗദി യാത്രക്കാരാണ് മേയ് 20 മുതൽ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവരുടെ കാര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ബഹ്റൈൻ സർക്കാറിന് മുന്നിലും ഇൗ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അനുഭാവപൂർവമായ സമീപനമാണ് സർക്കാറിൽനിന്ന് ലഭിച്ചിരിക്കുന്നത്. സൗദിയിലെ ഇന്ത്യൻ എംബസി മുഖേന അവിടത്തെ സർക്കാറുമായി ബന്ധപ്പെട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
വിമാന മാർഗം ഇവരെ സൗദിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 300ഒാളം പേരെ ഇതിനകം സൗദിയിൽ എത്തിച്ചു. സൗദിയിലേക്ക് ചാർേട്ടഡ് വിമാന സർവിസ് നടത്താനുള്ള ചില ഇന്ത്യൻ അസോസിയേഷനുകളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇക്കാര്യത്തിൽ എംബസിയുടെ പൂർണ പിന്തുണയും വാഗ്ദാനം നൽകി.
കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം, താമസം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്താൻ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ച് എംബസി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.