അബ്ഹ: അസീർ മേഖലയിലെ പൈതൃക ഗ്രാമമായ ഖർയത്ത് റിജാൽ അൽമാഅ്ൽ നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങൾ ടൂറിസം പുരാവസ്തു കമീഷൻ മേധാവി അമീർ സുൽത്താൻ ബിൻ സൽമാൻ പരിശോധിച്ചു. പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ സംഘവുമായി ടൂറിസം മേധാവി കൂടിക്കാഴ്ച നടത്തി. യുനസ്കോ പൈതൃക പട്ടികയിൽ ഇടം നേടുന്നതിനാണ് അടിയന്തിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നടപടികൾ പൂർത്തിയായാൽ യുനസ്കോയിൽ ഇടം നേടുന്ന രാജ്യത്തെ ആറാമത്തെ പൈതൃക സ്ഥലമായി റിജാൽ അൽമാഅ് ഗ്രാമം മാറും. വേറിട്ട ടൂറിസ്റ്റ് രാജ്യമാകാൻ വേണ്ട പ്രവർത്തനങ്ങളാണ് സൗദിയിൽ നടന്നുവരുന്നതെന്ന് ടൂറിസം മേധാവി പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. തൊഴിലവസരങ്ങൾക്കും സാമ്പത്തിക വരുമാനത്തിനും പ്രധാന സ്രോതസ്സായി ടൂറിസം മാറിക്കഴിഞ്ഞിരിക്കുന്നു.
നിരവധി പേർക്കാണ് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുന്നത്. അസീർ മേഖലയെ പ്രധാന ടൂറിസം മേഖലയാക്കി മാറ്റാൻ ടൂറിസം വകുപ്പ് അതീവശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വർഷം മുഴുവൻ വിവിധ ടൂറിസം പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തു നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ തുർക്കി ബിൻ ത്വലാൽ ടൂറിസം മേധാവിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.