ജിദ്ദ: കോവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ സൗദി അറേബ്യയിൽ വിനോദസഞ്ചാര മേഖല ഉണരുന്നു. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ടൂറിസ മേഖലകളിൽ ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഓപൺ എയർ മ്യൂസിയമായ അൽഉല പൈതൃക കേന്ദ്രങ്ങൾ ഇൗ മാസം 31 മുതൽ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കും.
അൽഉല റോയൽ കമീഷൻ (ആർ.സി.യു) ആണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി ദിനങ്ങളായ ഒക്ടോബർ 30, 31 ദിവസങ്ങളിൽ അൽഉല നിവാസികൾക്ക് മാത്രമായി ഇവിടങ്ങളിൽ പ്രവേശിക്കാൻ അവസരമുണ്ടെന്നും ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനക്രമത്തിൽ സൗജന്യമായാണ് പ്രവേശനമെന്നും കമീഷൻ അധികൃതർ അറിയിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അൽഉല പുരാവസ്തു കേന്ദ്രത്തിലെ പുരാതന ദാദാൻ സാമ്രാജ്യത്തിെൻറ അവശിഷ്ടങ്ങൾ ശേഷിക്കുന്ന ഹെഗ്ര, ജബൽ ഇക്മ മലയിടുക്കുകൾ എന്നിവ രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്. സന്ദർശകർ പ്രവേശന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. പ്രദേശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും www.experiencealula.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
സന്ദർശകർക്കായി അൽഉല വിമാനത്താവളം സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽനിന്ന് പൈതൃക പ്രദേശങ്ങളിലെത്താൻ മറ്റു ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.സന്ദർശകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ രണ്ടു കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത യാത്രകൾക്കായി വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ആരോഗ്യ മന്ത്രാലയ പ്രോട്ടോകോളുകൾ മുഴുവൻ പാലിച്ചായിരിക്കും സന്ദർശകരെ സ്വീകരിക്കുക. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് അൽഉലയിലേക്ക് സൗദി എയർലൈൻസ് സർവിസുണ്ട്. റിയാദിൽനിന്ന് 10 മണിക്കൂറും ജിദ്ദയിൽനിന്ന് ഏഴു മണിക്കൂറും മദീന, തബൂക്ക് വിമാനത്താവളങ്ങളിൽനിന്ന് മൂന്നു മണിക്കൂറും റോഡ് മാർഗം അൽഉലയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.