ജിദ്ദ: 'ദർബ് സുബൈദ' എന്ന പേരിൽ അറിയപ്പെടുന്ന പൗരാണിക അറബ് വാണിജ്യ പാതയിലൂടെയുള്ള കൂട്ടമായ യാത്ര (ഖാഫില)യുടെ രണ്ടാം പതിപ്പിന് വ്യാഴാഴ്ച സൗദിയിൽ തുടക്കമാവും.
വിവിധ സംഘങ്ങളായി (ഖാഫിലകൾ) നടത്തുന്ന യാത്രയുടെ ഒരുക്കം നേരത്തേ പൂർത്തിയായി. ഹൈക്കിങ്, കുതിര, ഒട്ടകം, പാരാഗ്ലൈഡിങ്, സൈക്കിൾ, മോട്ടോർ സൈക്കിൾ എന്നിവ ഉപയോഗിച്ചുള്ള യാത്രയിൽ 164ലധികം പേർ പങ്കെടുക്കും. കൂടാതെ സർക്കാർ, സ്വകാര്യ മേഖലയിലെ നിരവധി പേരും ഖാഫിലയിൽ അണിചേരും. ഹാഇലിന് 230 കിലോമീറ്റർ വടക്ക് 'ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ്' എന്ന സംരക്ഷിത വന്യമരുഭൂ പ്രദേശത്തെ 'മദീനത്തു തുർബ'യിൽ നിന്നാണ് യാത്ര ആരംഭിക്കുക. 13 ദിവസം നീണ്ടുനിൽക്കുന്ന ഖാഫില 'ദർബ് സുബൈദ' (സുബൈദ പാത) എന്ന പൗരാണിക പാതയിലൂടെ 360 കിലോമീറ്റർ സഞ്ചരിച്ച് മർകസ് അൽ ബആഇസിലെത്തും. ദർബ് സുബൈദ ഖാഫില രണ്ടാം പതിപ്പിലൂടെ ലോകെത്ത ഏറ്റവും പ്രധാനപ്പെട്ട പുരാതന യാത്ര പാതകളിലൊന്ന് പുനരുജ്ജീവിപ്പിക്കുക, പാത കടന്നുപോകുന്ന പ്രദേശങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഖാഫില ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുൽ അസീസ് ഉബൈദാഅ് പറഞ്ഞു.
യാത്രക്കിടെ പാതയിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ഹരിത സൗദി പദ്ധതിയെ പിന്തുണക്കും.
സുബൈദ പാത കടന്നുപോകുന്ന ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ആളുകൾക്ക് ഖാഫിലയുടെ ലക്ഷ്യം പരിചയപ്പെടുത്തുകയും യാത്രക്കും മറ്റ് അനുബന്ധ ലക്ഷ്യപൂർത്തീകരണത്തിനുള്ള പരിശീലനം നൽകുകയും ചെയ്യുമെന്നും ജനറൽ സൂപ്പർവൈസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.