ജിദ്ദ: സൗദി നാവികസേനക്കായി യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിന് സ്പെയിനുമായി ധാരണയായി. സൗദി പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാന്റെയും സ്പെയിൻ വ്യവസായ-വാണിജ്യ-ടൂറിസംമന്ത്രി മരിയ റെയ്സ് മരോട്ടോയുടെയും സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രാലയവും സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസും ചേർന്ന് സ്പാനിഷ് കമ്പനി 'നവാൻറിയു'മായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. റോയൽ സൗദി നാവിക സേനക്കായി വിവിധ ലക്ഷ്യങ്ങൾക്കുള്ള യുദ്ധക്കപ്പലുകൾ സ്വന്തമാക്കാനും നിർമിക്കാനുമാണ് ധാരണപത്രം.
പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് എക്സിക്യൂട്ടീവ് കാര്യ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽബയാരി, സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് പ്രതിനിധി എൻജി. അഹമദ് ബിൻ അബ്ദുൽ അസീസ് അൽഒഹാലി, സ്പാനിഷ് കമ്പനി 'നവാൻറി' ചെയർമാനും സി.ഇ.ഒയുമായ റിക്കാർഡോ ഗാർസിയ ബാഗുറോ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. മേഖലയിലെ സമുദ്രസുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുപ്രധാനവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിരോധ മന്ത്രാലയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും റോയൽ സൗദി നാവിക സേനയെ കൂടുതൽ സജ്ജമാക്കുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. 'വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നാവിക കപ്പൽ നിർമാണം, യുദ്ധ സംവിധാനങ്ങളുടെ സംയോജനം, കപ്പൽ പരിപാലനം എന്നിവ 100 ശതമാനം വരെ സ്പാനിഷ് കമ്പനി സ്വദേശിവത്കരിക്കുമെന്നതും ധാരണാപത്രത്തിൽ ഉൾപ്പെടും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടിന് അനുസൃതമായി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ഈ ധാരണാപത്രമെന്ന് പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരി പറഞ്ഞു. ഇത് രാജ്യത്തെ വികസിത സമുദ്ര വ്യവസായങ്ങൾക്ക് ഒരു അടിത്തറ സൃഷ്ടിക്കും. സായുധ സേനയുടെ സന്നദ്ധത, സംവിധാനങ്ങളുടെ സുസ്ഥിരത, സൈനിക വ്യവസായങ്ങളുടെ സ്വദേശിവത്ക്കരണം, പ്രാദേശിക ഉള്ളടക്കത്തിന്റെ പരമാവധി ഉപയോഗം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്നും സഹമന്ത്രി പറഞ്ഞു.
സൈനിക വ്യവസായ മേഖലയിലെ സ്വദേശിവത്ക്കരണ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതാണ് ധാരണപത്രമെന്ന് സൈനിക വ്യവസായങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി ഗവർണർ എൻജി. അഹമ്മദ് അൽഒഹാലി പറഞ്ഞു.
2030-ഓടെ മൊത്തം സൈനിക ചെലവിന്റെ 50 ശതമാനത്തിലധികം സ്വദേശിവത്കരിക്കുക എന്ന 'വിഷൻ 2030' ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ മുൻഗണനകൾ കൈവരിക്കാനും ഇത് പ്രാപ്തമാക്കും.
മനുഷ്യ കേഡറുകളുടെ സ്വദേശിവത്കരണത്തിന് പുറമേ പ്രാദേശിക, വ്യവസായിക ശേഷികളും വിവിധ വിതരണ ശൃംഖലകളും വർധിപ്പിക്കുന്നതിനും ഒരു സുസ്ഥിര പ്രാദേശിക സൈനിക വ്യവസായ മേഖല വികസിപ്പിക്കുകയാണെന്നും അൽ ഒഹാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.