പൈതൃകങ്ങൾ നിലനിർത്താൻ പുതുതലമുറക്ക് പരിശീലനം നൽകി 'ട്രിറ്റ'

ജുബൈൽ: സൗദി പൈതൃകവും പാരമ്പര്യ രീതികളും ഊർജസ്വലമായി നിലനിർത്താൻ പുതിയ തലമുറയെ പരിശീലിപ്പിക്കുന്നു. ഇതിനായി രൂപവത്കരിച്ച ട്രിറ്റയിൽനിന്ന് (റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷനൽ) പരിശീലനം പൂർത്തിയാക്കി ആയിരത്തിലധികം ബിരുദധാരികൾ ഇതിനകം പുറത്തിറങ്ങി. പ്രതിഭാധനരായ വിദ്യാർഥികളെ വളർത്താൻ സഹായിക്കുന്ന റോയൽ കോളജ് ഓഫ് ആർട്‌സ് ലണ്ടനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ട്രിറ്റ വിവിധ പരിപാടികൾ നടത്തി. പ്രതിഭകളെ പരിപോഷിപ്പിക്കുക, പരമ്പരാഗത കലാരൂപങ്ങളും കരകൗശലവസ്തുക്കളും നഷ്ടപ്പെടുന്നത് തടയാൻ പുതിയ തലമുറയെ പരിശീലിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാനം.കലാ പര്യവേക്ഷണത്തിന് പുതിയ വഴികൾ തുറക്കുകയും യുവാക്കൾക്കും വളർന്നുവരുന്ന കലാകാരന്മാർക്കും അവരുടെ പൂർവികരുടെ കരകൗശല വസ്തുക്കളിലേക്കും പൈതൃകങ്ങളിലേക്കും ആഴത്തിൽ ഇറങ്ങി പരിശോധിക്കാൻ പ്രാപ്തരാക്കുകയുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.

വിവിധ വിഷയങ്ങളിൽ 13 കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ 1200ലധികം ബിരുദധാരികളുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ജനറൽ സൂസൻ അലി യഹ്‍യ പറഞ്ഞു. ട്രിറ്റയുടെ മറ്റൊരു കോഴ്സായ അപ്രന്റിസ്ഷിപ് പ്രോഗ്രാം ഈ മാസം 21ന് ആരംഭിച്ചു. കരകൗശലത്തൊഴിലാളികൾക്ക് സ്വന്തം കഴിവുകൾ പരിശീലിപ്പിക്കാനും അവർ നിർമിക്കുന്ന വസ്തുക്കളുടെ ചരിത്ര പശ്ചാത്തലം പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്ന ശിൽപശാലകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാനും അവസരം നൽകും. ട്രിറ്റക്ക് മൂന്ന് പഠന പരിപാടികളാണുള്ളത്.

ഫാഷൻ, വാസ്തുവിദ്യ, ലോഹ കലകൾ, ആഭരണ നിർമാണം, കല്ല്, ഈന്തപ്പന കലകൾ, അപ്ലൈഡ് ആർട്സ്, ബുക്ക്‌ ബൈൻഡിങ്, കാലിഗ്രഫി എന്നിവയിൽ പരിശീലനം നൽകുന്ന ഹ്രസ്വ കോഴ്‌സുകളാണ് ആദ്യത്തേത്. രണ്ടാമത്തേത് നൃത്തവും പാട്ടും പരിശീലിപ്പിക്കുന്നതാണ്. മൂന്നാമത്തേത് സാംസ്കാരിക ഇനങ്ങളുടെ പുനരുദ്ധാരണത്തിലൂടെയും ക്യുറേഷനിലൂടെയും കഴിവുകൾ പരിപോഷിപ്പിക്കാനുള്ളതാണ്.അറിവ് നിലനിർത്താനും ജോലി തുടരാനും ഒന്നിലധികം കലകളിൽ സ്വന്തം ബിസിനസുകൾ നടത്താനും വിദ്യാർഥികളെ പിന്തുണക്കുന്നതാണ് ഇവ. 

Tags:    
News Summary - 'Trita' trains new generation to preserve heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.