ദമ്മാം: ദുർവിധികളുടെ കുത്തൊഴുക്കിൽ നിലയില്ലാക്കയത്തിലാണ്ടുപോയ രാമസ്വാമിയുടെ ജീവിതം ദാരുണമാണ്. പ്രവാസമെന്ന പരീക്ഷണങ്ങളിൽ പരാജയപ്പെട്ടുപോയ ആ തമിഴ്നാട്ടുകാരന് 20 വർഷമായി ജന്മനാട് അന്യമാണ്. ഉപജീവനം തേടി സൗദി അറേബ്യയിൽ വന്ന ശേഷം നാട്ടിൽ പോകാനായിട്ടില്ല.
കിഴക്കൻ പ്രവിശ്യയിലെ അവാമിയ എന്ന സ്ഥലത്താണ് എത്തിപ്പെട്ടത്. തൊഴിലുടമയുടെ മരണമാണ് ദുരിതപ്പെയ്ത്തിന് തുടക്കമിട്ടത്. സ്പോൺസർ ഇല്ലാതായതോടെ വിസ പുതുക്കാനായില്ല. ഇഖാമയുടെയും പിന്നീട് പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞ് നിയമക്കുരുക്കിലായി.
രേഖകളൊന്നുമില്ലെങ്കിലും പലവിധ ചെറിയ ജോലികൾ ചെയ്ത് നിത്യവൃത്തിക്കുള്ളത് കണ്ടെത്തിയിരുന്നു. 20 വർഷമായിട്ടും നാട്ടിൽ പോകാൻ കഴിയാതായതോടെ കടുത്ത മാനസിക സമ്മർദത്തിലായി. വിഷാദവും മറ്റ് രോഗങ്ങളും പിടിപെട്ടു. ആരോഗ്യം ക്ഷയിച്ച് ഒരു കെട്ടിടത്തിന്റെ തിണ്ണയിലാണ് അഭയം സുമനസ്സുകൾ നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം.
ജീവിതത്തിന്റെ സർവ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസരത്തിലാണ് കാരുണ്യത്തിന്റെ മാലാഖമാരെ പോലെ അവർ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, മലയാളി സാമൂഹികപ്രവർത്തകർ. കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഇയാളെ കുറിച്ച് പ്രദേശത്തെ പ്രവാസികൾ ഖത്വീഫ് കെ.എം.സി.സി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. സെക്രട്ടറി ഫഹദ് കൊടിഞ്ഞിയുടെ നേതൃത്വത്തിൽ പ്രവിശ്യ കെ.എം.സി.സി വെൽഫെയർ കിങ് ഭാരവാഹി ഹുസൈൻ നിലമ്പൂർ, അസീസ് കാരാട് എന്നിവർ രാമസ്വാമിയുടെ അടുത്തെത്തി.
കടുത്ത ചൂടിൽ സിമൻറ് തറയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ അയാളുടെ പരിതാപകരമായ അവസ്ഥ കണ്ട് അവർ അയാളെ ഏറ്റെടുത്ത് കുളിപ്പിച്ച്, ഭക്ഷണവും വസ്ത്രവും നൽകി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രാമസ്വാമി നൽകിയ വിവരപ്രകാരം പാസ്പോർട്ട് കണ്ടെത്തി. നാട്ടിലേക്ക് കയറ്റിവിടാനുള്ള മറ്റ് നിയമനടപടികൾൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ. വൈകാതെ രാമസ്വാമിയെ നാട്ടിലേക്ക് അയാക്കാനാവുമെന്ന് ഹുസൈൻ നിലമ്പൂർ അറിയിച്ചു.
പ്രസിഡൻറ് മുഷ്താഖ് പേങ്ങാട്, സെക്രട്ടറി ഫഹദ് കൊടിഞ്ഞി, അവാമിയ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞാലി മേൽമുറി, വസ്ത്ര വ്യാപാരികളും കെ.എം.സി.സി പ്രവർത്തകരുമായ സിദ്ദീഖ്, അസ്കർ, അസീസ് കാരാട്, സലാമി താനൂർ, ജാഫർ ഈരാറ്റുപേട്ട എന്നിവരാണ് സഹായിക്കാൻ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.