ഉദയകുമാർ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഒരുക്കിയ യാത്രയയപ്പ്​ യോഗത്തിൽ സംസാരിക്കുന്നു

സൗദിയിൽ വാഹനാപകട കേസിൽ മോചനദ്രവ്യം കൊടുക്കാൻ കഴിയാത്തതിനാൽ യാത്രാവിലക്ക്​: 10 വർഷത്തിന്​ ശേഷം ഉദയകുമാർ നാട്ടിലേക്ക്​

ഖമീസ്​ മുശൈത്ത്​: സൗദി അറേബ്യയിൽ വാഹനാപകട കേസിൽപ്പെട്ട്​ മോചനദ്രവ്യം കൊടുക്കാനില്ലാതെ യാത്രാവിലക്ക്​ നേരിട്ട മലയാളി യുവാവിന്​​​ 10 വർഷത്തിന്​ ശേഷം നാട്ടിലേക്ക്​ വഴിയൊരുങ്ങി. ദക്ഷിണ സൗദിയിലെ അസീറിൽ ജോലി ചെയ്തിരുന്ന പാലക്കാട് കൊടുവായൂർ സ്വദേശിയായ ഉദയകുമാർ ആണ്​ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിന്‍റെ ഫലമായി നാടണയുന്നത്​.

ജോലിയാവശ്യാർഥം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം വന്നിടിച്ചു അദ്ദേഹം മരിച്ച കേസിലാണ്​ ഉദയൻ ജയിലിലായത്​. 15,2700 റിയാൽ (ഏകദേശം 30 ലക്ഷം രൂപ) ഉദയകുമാർ മരിച്ചയാളുടെ കുടുംബത്തിന്​ നഷ്ടപരിഹാരമായി (ദിയ) നൽകണമെന്ന്​ കോടി വിധിച്ചു. രണ്ട് വർഷത്തിന് ശേഷം ജയിൽമോചിതനായെങ്കിലും ഈ മോചനദ്രവ്യം നൽകാത്തതിനാൽ കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിൽ സൗദിയിൽ തന്നെ കഴിയുകയായിരുന്നു.

ഈ അവസ്ഥ മജീദ് മണ്ണാർക്കാട്​ എന്ന സാമൂഹിക പ്രവർത്തകൻ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ്​ സത്താർ ഒലിപ്പുഴയെ അറിയിക്കുകയും അദ്ദേഹം ഉദയകുമാറിന്‍റെ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമായിരുന്നു. അഞ്ച് റിയാൽ മുതൽ 14,000 റിയാൽ വരെ നൽകി അസീർ മേഖലയിലെ പ്രവാസി മലയാളികളും സംഘടനകളും സഹായിച്ചു. ഇതോടൊപ്പം മരിച്ച സ്വദേശി പൗരന്‍റെ കുടുംബവുമായി സംസാരിച്ച് നഷ്ടപരിഹാര തുകയിൽ കുറവ് വരുത്തി. ഒടുവിൽ മോചനദ്രവ്യം ഒരു ലക്ഷം റിയാൽ (ഏകദേശം 20 ലക്ഷം രൂപ) ആക്കി കുറച്ചു. ഈ തുക പ്രവാസി സമൂഹം സ്വരൂപിച്ച്​ ഉദയകുമാറിന്​ വേണ്ടി കോടതിയിൽ കെട്ടിവെച്ചു. അതോടെ യാത്രാവിലക്ക്​ ഒഴിവായി.

പക്ഷേ അപ്പോഴേക്കും പുതയ പ്രശ്നം ഉയർന്നുവന്നു. ഒളിച്ചോടിയെന്ന​ സ്​പോൺസറുടെ പരാതിപ്രകാരമുള്ള 'ഹുറൂബ്' കേസുള്ളതിനാൽ എക്സിറ്റ്​ നടപടികൾ നടത്താൻ തടസ്സം നേരിട്ടു. തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വാളൻറിയർമാരായ അഷ്റഫ് കുറ്റിച്ചലും ബിജു നായരും ഇടപെട്ട്​ ആ നിയമതടസവും നീക്കി. യാത്രാ രേഖകൾ എല്ലാം ശരിയായ ഉദയൻ ഇന്ത്യൻ എംബസി നൽകിയ വിമാന ടിക്കറ്റിൽ ഞായറാഴ്ചത്തെ സൗദി എയർലൈൻസ്​ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. തന്നെ സഹായിച്ച അസീറിലെ പ്രവാസികളോടും സാമൂഹിക പ്രവർത്തകരോടും തീർത്താൽ തീരാത്ത കടപ്പാട് ഉണ്ടെന്ന് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ മുഹമ്മദ് പൂവത്താണി, ഡോ. അബ്​ദുൽ ഖാദർ, സത്താർ ഒലിപ്പുഴ, മുഹമ്മദ് അലി ചെന്ത്രേപ്പിനി, സമീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Udayakumar returns home after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.