ജിദ്ദ: ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദാ സന്ദർശനത്തിനും അനുമതി പത്രം ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ പത്തിന് ഞായറാഴ്ച രാവിലെ ആറ് മുതൽ തീരുമാനം നടപ്പിലാകും.
തവക്കൽനാ ആപ്ലിക്കേഷനിൽ കാണിച്ച വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയ ആളുകൾക്കും അനുമതി പത്രം നൽകും. ഉംറ തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്തും കോവിഡ് ബാധ തടയുന്നതിനുള്ള മുൻകരുതൽ നടപ്പിലാക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നുമാണിത്.
രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരായ ആളുകൾ ഉംറക്കും നമസ്കാരത്തിനും റൗദ സന്ദർശനത്തിനും ബുക്ക് ചെയ്യുകയും അനുമതി പത്രം നേടുകയും ചെയ്തിട്ടുണ്ടെങ്കിൽ അനുമതി പത്രം റദ്ദാക്കുന്നത് ഒഴിവാക്കാൻ അനുവദിച്ച സമയത്തിനു 48 മണിക്കൂർ മുമ്പ് രണ്ടാമത്തെ ഡോസ് എടുത്തിരിക്കണമെന്ന് ഉണർത്തിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ രണ്ടാംഡോസ് എടുക്കുന്നതിനും ബുക്കിങ് ലഭ്യമാണെന്ന കാര്യം ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ല മുൻകരുതലും പ്രതിരോധ നടപടികളും പൊതുജനാരോഗ്യ അതോറിറ്റിയുടെ നിരന്തരമായ വിലയിരുത്തലിനു വിധേയമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.