റിയാദ്: അനുമതി രേഖയില്ലാതെ ഹജ്ജിന് പോയി പിടിയിലായ മലയാളി ആറുവർഷമായി നിയമക്കുരുക്കിൽ. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമതടസ്സങ്ങളിൽനിന്ന് ഒഴിവായി നാടണഞ്ഞു. ആലുവ സ്വദേശി അബ്ദുൽ അസീസാണ് അനധികൃത ഹജ്ജിന് പിടിയിലായി ഗുരുതരമായ നിയമപ്രശ്നം നേരിട്ട് ആറുവർഷം നാട്ടിൽ പോകാനാവാതെ സൗദിയിൽ കുടുങ്ങിപ്പോയത്. ഇതിനിടയിൽ പക്ഷാഘാതം പിടിപെടുകയും ചെയ്തു. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബത്ഹയിലെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു.
ആറുവർഷം മുമ്പാണ് ഹജ്ജിന് പോയത്. അതിനുള്ള അനുമതി പത്രം (തസ്രീഹ്) ഇല്ലാതെ ഹജ്ജിന് പോയി എന്ന കുറ്റത്തിന് വഴിമധ്യേ പൊലീസ് പിടിയിലാവുകയായിരുന്നു. വലിയൊരു തുക പിഴ അടക്കണമെന്ന് കോടതി ശിക്ഷിച്ചു. യാത്രവിലക്കുമുണ്ടായി. ഇതോടെ ഇഖാമ പുതുക്കാനും കഴിയാതെയായി. ഇൗ കാരണത്താൽ ജോലിയും നഷ്ടമായി. ഇൗ ദുരിതങ്ങൾക്കിടയിലാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുമ്പ് പക്ഷാഘാതം പിടിപെട്ടത്. ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു പല അസുഖങ്ങളുമുണ്ടായിരുന്നു. ഇൗ ഹതഭാഗ്യെൻറ ദാരുണമായ അവസ്ഥ അറിഞ്ഞ് റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകർ സഹായിക്കാൻ മുന്നോട്ടു വരുകയായിരുന്നു.
അവർ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ സഹായം തേടി. അബ്ദുൽ അസീസിെൻറ രോഗാവസ്ഥയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ശോചനീയമായ സ്ഥിതിയും ശിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെയും സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിെൻറയും ശ്രദ്ധയിൽപ്പെടുത്തി. മാനുഷിക പരിഗണന നൽകി യാത്രാനുമതി നൽകണമെന്ന് ശിഹാബ് അധികൃതരോട് അഭ്യർഥിച്ചു.
ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് യാത്രാനുമതി നേടിയെടുത്തു. വർഷങ്ങളായി ഇദ്ദേഹത്തിന് താമസസൗകര്യം ഒരുക്കി സംരക്ഷണം നൽകിയത് ദാറുൽ ഹുദാ ഉംറ സർവിസ് ഗ്രൂപ്പായിരുന്നു. ശിഹാബ് കൊട്ടുകാടിനൊപ്പം റിയാദ് ഹെൽപ് ഡെസ്കിെൻറ പ്രവർത്തകരായ ഷൈജു നിലമ്പൂർ, സലാം പെരുമ്പാവൂർ, ഡൊമനിക് സാവിയോ, റിജോ ഡൊമിനിക്കോസ്, സോണിയ റെനിൽ, അനസ് ജരീർ മെഡിക്കൽ എന്നിവരുമാണ് സഹായത്തിന് രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.