സൗദിയിൽ വിമാന ജോലിക്കാർക്ക്​ വാക്സിൻ കുത്തിവെപ്പ്​ നിർബന്ധമാക്കുന്നു

ജിദ്ദ: ശവ്വാൽ ഒന്ന് മുതൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസ്​ കമ്പനികളിലേയും വിമാന ജോലിക്കാർക്ക്​ കോവിഡ്​ വാക്സിൻ കുത്തിവെപ്പ്​ നിർബന്ധമാക്കുന്നു. ഇത്​ സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കോവിഡ്​ പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന്​ ബന്ധപ്പെട്ട സമിതി പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണ്​ തീരുമാനമെന്നും അതോറിറ്റി സൂചിപ്പിച്ചു. എല്ലാ പ്രദേശിക കമ്പനികളും തീരുമാനം നിർബന്ധമായും പാലിക്കണം. കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ്​ നെഗറ്റീവാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കേണ്ടിവരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

അതേ സമയം ബോർഡിങ്​ പാസും യാത്രക്കാരുടെ ആരോഗ്യ സ്​റ്റാറ്റസും​ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ​ ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അതോറിറ്റിയുമായി സഹകരിച്ച്​ പൂർത്തിയാക്കി വരികയാണെന്ന്​ സിവിൽ ഏവിയേഷൻ വക്താവ്​ ഇബ്രാഹീം അൽറുഅസാഅ്​ പറഞ്ഞു. വിമാനത്താവളത്തിലേക്ക്​​ പ്രവേശിക്കുന്നതിനും യാത്രനടപടികൾക്കും വിമാനത്തിലേക്ക്​ കയറുന്നതിനും തവക്കൽനാ ആപ്പ്​ അടുത്ത വ്യാഴാഴ്​ച മുതൽ നിർബന്ധമാക്കാനുള്ള തീരുമാനത്തെ തുടർന്നാണിത്​. വിമാനത്താവളത്തിലേക്ക്​ പുറപ്പെടുന്നതിനു മുമ്പ്​ തവക്കൽനാ ആപ്പ്​ വഴി ബോർഡിങ്​ പാസ്​ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്​. കുത്തിവെപ്പെടുത്തവർ, തവക്കൽനാ ആപ്പിൽ രോഗബാധയില്ലെന്ന് തെളിയിക്കപ്പെട്ടവർ എന്നിവർക്കായിരിക്കും യാത്രാനുമതി ലഭിക്കുക.

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും രോഗമില്ലാത്ത അന്തരീക്ഷമൊരുക്കാനും യാത്ര സുരക്ഷിതമായിരിക്കാനുമാണ്​ തവക്കൽനാ ആപ്പ്​ നിർബന്ധമാക്കുന്നത്​. പുതിയ തീരുമാനമനുസരിച്ച്​ പരിശോധന മൂന്ന്​ സ്​ഥലങ്ങളിലുണ്ടാകും. ആദ്യ പരിശോധന​ വിമാനത്താവള കവാടത്തിലായിരിക്കും​​. മുഴുവൻ വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും കവാടങ്ങളിൽ പരിശോധനക്ക്​ വിധേയമാക്കും. രണ്ടാമത്തേത്​ യാത്ര നടപടികളുടെയും ബോർഡിങ്​ പാസ്​ നൽകുകയും ചെയ്യുന്ന സമയത്താണ്​. മൂന്നാമത്തെ പരി​ശോധന വിമാന കവാടങ്ങൾക്കടുത്തുവെച്ചായിരിക്കുമെന്നും വക്താവ്​ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആഭ്യന്തര, അന്താരാഷ്​ട്ര വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ തവക്കൽനാ ആപ്പ്​ വേണമെന്ന്​ വ്യവസ്ഥ നിശ്ചയിച്ചത്​. ഡാറ്റ ആൻറ്​ ഇൻറലിജൻസ്​ അതോറിറ്റിയുമായി ഇതിനുള്ള പ്രവർത്തനം നടക്കുന്നുവെന്ന്​ ദേശീയ വിമാന കമ്പനികൾക്കുള്ള അറിയിപ്പിൽ വ്യക്തമാക്കുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.