ജിദ്ദ: വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നത് കേള സർക്കാരിെൻറ പൊള്ളയായ പ്രഖ്യാപനം മാത്രമാണെന്ന് ജിദ്ദ കെ.എം.സി.സി ആരോപിച്ചു.
ആരോഗ്യ രംഗത്ത് ലോകോത്തര നിലവാരത്തിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പരിമിതി സാംക്രമിക രോഗ നിർണയത്തിനുള്ള ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് ഇല്ല എന്നതാണ്. 2018 ൽ കോഴിക്കോടും കൊച്ചിയിലും കണ്ടെത്തിയ നിപ വൈറസ് ബാധയെ തുടർന്ന് രോഗ നിർണയത്തിന് എടുക്കുന്ന കാലതാമസവും സാമ്പത്തിക ചെലവും കുറക്കുന്നതിന് അടിയന്തിരമായി ഒരു അത്യാധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് തുടങ്ങണമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് പ്രമേയം മൂലം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാർ ആലപ്പുഴയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുവാൻ തീരുമാനമെടുത്തു പ്രവൃത്തി തുടങ്ങുകയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
കോവിഡ് മഹാമാരി സംസ്ഥാനത്ത് പടർന്നപ്പോൾ അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുമായി ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നടത്തിയ ടെലഫോൺ ചർച്ചയിൽ വൈറോളജി ഇൻസിറ്റിറ്റ്യൂട്ടിനെക്കുറിച്ചു ചോദിച്ചപ്പോൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും പ്രവർത്തന സജ്ജമാണെന്നും സംസ്ഥാനത്തിന് ഇനി ഏതുവിധ വൈറൽ രോഗ നിർണയത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പുതിയതായി വീണ്ടും കോഴിക്കോട് നിപ വൈറസ് രോഗം റിപ്പോർട്ട് ചെയ്യുമ്പോൾ സാമ്പിളുകൾ പൂനയിലെ നാഷനൽ വൈറോളജി ഇൻസിറ്റിറ്റ്യൂട്ടിലേക്ക് അയച്ചാണ് രോഗ നിർണയം ഉറപ്പ് വരുത്തുന്നത് എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്നു. ഏറെ കൊട്ടിഘോഷിച്ച സംസ്ഥാനത്തിെൻറ വൈറോളജി ലാബ് ഇനിയും പൂർണമായും യാഥാർഥ്യമായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്താവന.
തുടരെയുള്ള വൈറൽ രോഗങ്ങളെ എത്രയും വേഗം തിരിച്ചറിഞ്ഞു പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ത്വരിതപ്പെടുത്തുന്നതിന് കേവലം പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ സംസ്ഥാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂർണതോതിൽ യാഥാർഥ്യമാക്കുന്നതിന് സർക്കാർ മുന്നോട്ട് വരണമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന സർക്കാർ നടപടിയെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹി യോഗം അപലപിച്ചു. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, നിസാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റർ, ഇസ്മാഇൗൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, പി.സി.എ. റഹ്മാൻ ഇണ്ണി, എ.കെ. ബാവ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.