റിയാദ്: സൗദിയുടെ സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വിഷൻ 2030 സംഭാവന നൽകിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. റിയാദിൽ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ഓപൺ ഫോറത്തിൽ പങ്കെടുത്തപ്പോഴാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷൻ 2030 എണ്ണയിൽ നിന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഗുണപരമായ വളർച്ചയിലാണിത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൗദിക്ക് വേണമെങ്കിൽ 9.5 ദശലക്ഷം ബാരലിന് പകരം 10 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാമായിരുന്നു. മാത്രമല്ല മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഞങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാമായിരുന്നു. എന്നാൽ ഗുണപരമായ വളർച്ചയിലാണ് വിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഷൻ 2030ന്റെ അടിസ്ഥാനം സ്വകാര്യമേഖലയാണ്. സർക്കാരിന്റെ പങ്ക് നിയമനിർമാണപരവും നിയന്ത്രണപരവുമാണെന്നും മന്ത്രി വിശദീകരിച്ചു. വിഷൻ 2030 പദ്ധതികൾ ആവശ്യാനുസരണം പരിഷ്കരിക്കും.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ആവശ്യാനുസരണം പരിവർത്തനം ചെയ്യുന്നതിനും ചില പദ്ധതികളുടെ വലുപ്പം കുറക്കുന്നതിനും മറ്റുള്ളവയുടെ വേഗത വർധിപ്പിക്കുന്നതിനും വിഷൻ 2030 മായി ബന്ധപ്പെട്ട പദ്ധതികൾ ക്രമീകരിക്കും. ഭാവിയിലെ സാമ്പത്തിക വളർച്ചയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് വഴക്കം ആവശ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിവ്യാപാരത്തിനും സാങ്കേതികവിദ്യയ്ക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ നേരിടാൻ നയങ്ങൾ വികസിപ്പേക്കണ്ടത് അനിവാര്യമാണ്. ലോകം നിരവധി ആഘാതങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആഘാതങ്ങളെ നേരിടാനുള്ള അവരുടെ പദ്ധതികൾ രാജ്യങ്ങൾ അവലോകനം ചെയ്യണമെന്ന് ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ച് സൂചിപ്പിച്ച് ധനമന്ത്രി പറഞ്ഞു. മനുഷ്യ മൂലധനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ധനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാപാരത്തിനും സാങ്കേതികവിദ്യയ്ക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ നേരിടാൻ മനുഷ്യ മൂലധനം വികസിപ്പിക്കുകയും നയങ്ങൾ വികസിപ്പിക്കുകയും വേണം. ആഗോള സംഭവവികാസങ്ങളെ നേരിടാൻ സാമ്പത്തിക പദ്ധതികൾ പൊരുത്തപ്പെടുത്തേണ്ടതും പരിഷ്കരിക്കേണ്ടതും ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു.ലോകമെമ്പാടുമുള്ള 20ലധികം രാഷ്ട്രത്തലവന്മാരും പ്രധാനമന്ത്രിമാരും ഉൾപ്പെടെ 1000ത്തിലധികം പേരാണ് ഇക്കണോമിക് ഫോറത്തിന്റെ ഓപൺ ഫോറം പ്രത്യേക യോഗത്തിൽ പങ്കെടുക്കുന്നത്. ചിന്തകരായ നേതാക്കൾ തമ്മിൽ നിരവധി വിഷയങ്ങളിൽ സംവാദം വർധിപ്പിക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക വെല്ലുവിളികൾ, സമൂഹത്തിലെ കലകളുടെ പങ്ക്, സംരംഭകത്വം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ കറൻസികൾ, ഡിജിറ്റൽ നഗരങ്ങൾ, മാനസികാരോഗ്യം എന്നിവ ചർച്ച ചെയ്യുന്ന വിഷയങ്ങളിലുൾപ്പെടും. സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനും പര്യവേക്ഷണം ചെയ്യാനും വിദ്യാർഥികൾക്കും സംരംഭകർക്കും യുവ പ്രഫഷനലുകൾക്കും സൗകര്യപ്രദമായ അവസരം നൽകുന്നതുകൂടിയാണ് ഫോറം പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.