ജിദ്ദ: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ആഗോളതലത്തിൽ മത്സരിക്കാൻ കഴിവും അറിവും വൈദഗ്ധ്യവുമുള്ള തലമുറകളെ സജ്ജമാക്കാൻ ലക്ഷ്യമിടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് പറഞ്ഞു. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രമായ പരിഷ്കരണത്തിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങൾ മന്ത്രി എടുത്തുപറഞ്ഞു.
വിഷൻ ലക്ഷ്യം കൈവരിക്കുന്നതിന് പഠനഫലങ്ങൾ ഉയർത്തുന്നതിലും ഭാവിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും വിദ്യാഭ്യാസ രീതികൾ ഒരുക്കുന്നതിലും ജോലികൾക്കായി വിദ്യാർഥികളെ സജ്ജമാക്കുന്നതിലും വിദ്യാഭ്യാസ മന്ത്രാലയം അതീവ താൽപര്യം കാണിക്കുന്നുണ്ട്. പാഠ്യപദ്ധതികൾ വികസിപ്പിക്കുന്നതിലൂടെ വിദ്യാർഥികളുടെ അടിസ്ഥാന കഴിവുകൾ പരിപോഷിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി സൂചിപ്പിച്ചു. തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി വിദ്യാഭ്യാസത്തിന്റെ സമന്വയവും ചെറുപ്പം മുതലേ അതിനായി വിദ്യാർഥികളെ തയാറാക്കലും ആവശ്യമാണ്. സെക്കൻഡറി തലത്തിൽ പ്രത്യേക രീതികളിൽ ഇത് നടപ്പാക്കാൻ രാജ്യം താൽപര്യമെടുക്കുന്നതായും മന്ത്രി പറഞ്ഞു.
വിഷൻ 2030 വിദ്യാഭ്യാസ പ്രക്രിയയെ പിന്തുണക്കുന്നതിനും അവസരങ്ങളുടെ ശേഖരം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. എല്ലാവർക്കും നീതിയുക്തവും തുല്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമാണിത്. ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്നതിനും അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. കോവിഡിനെ നേരിടാനും വിദ്യാഭ്യാസത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും രാജ്യം നടത്തിയ പ്രവർത്തനങ്ങളും അനുഭവവും ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് വിശദീകരിച്ചു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ടി.വി ചാനലുകൾ എന്നിവയിലൂടെ ആധുനിക സാങ്കേതിക സംവിധാനങ്ങളും ഡിജിറ്റൽ ബദലുകളും സജീവമാക്കുകയുണ്ടായി. ഇതിലൂടെ എല്ലാവർക്കും വിദ്യാഭ്യാസ പ്രക്രിയ കാര്യക്ഷമമായി തുടരുന്നതിന് പിന്തുണ നൽകാനായി. വലിയ പ്രാധാന്യവും ആഗോള താൽപര്യവുമുള്ള വിദ്യാഭ്യാസ മുൻഗണനകൾക്കനുസരിച്ച് ജി20 മന്ത്രിതല യോഗം സംഘടിപ്പിച്ച ഇന്തോനേഷ്യയെ മന്ത്രി അഭിനന്ദിച്ചു.
എല്ലാവർക്കും സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനും ആധുനിക അന്താരാഷ്ട്ര പ്രവണതകളും നയങ്ങളും വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിന്റെയും സംയുക്ത പ്രവർത്തനത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനത്തിന്റെ പ്രധാന ചാലകവും എല്ലാവരുടെയും മൗലികാവകാശവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.