'വിഷൻ-2030' മനുഷ്യാവകാശ നിയമങ്ങൾ പരിഷ്‌കരിച്ചുവെന്ന്​ സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ

റിയാദ്: സൗദി അറേബ്യയുടെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ-2030' മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതായി സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ഡോ. ഹല ബിൻത് മസിയാദ് അൽ-തുവൈജിരി. രാജ്യത്തെ മനുഷ്യാവകാശങ്ങൾ ദേശീയ നിയമങ്ങളാലും ചട്ടങ്ങളാലും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെയും നേതൃത്വത്തിൽ ഈ അവകാശങ്ങൾ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ഇരട്ടിയാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഡോ. ഹല ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യാവകാശങ്ങളിൽ രാജ്യം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ദേശീയ മുൻഗണനകളും അന്തർദേശീയ പ്രതിബദ്ധതകളും മുൻ നിർത്തിയുള്ളതാണ്. നിരവധി ഭേദഗതികളിലൂടെ മനുഷ്യാവകാശ സംരക്ഷണത്തിന് രാജ്യം ഇക്കാലയളവിൽ ഊന്നൽ നൽകി. ഇത് നിരവധി അന്താരാഷ്ട്ര വേദികളിലേക്കും കൺവെൻഷനുകളിലേക്കും സൗദി അറേബ്യക്ക് പ്രവേശനത്തിന് അവസരമൊരുക്കുകയും ചെയ്തു.

മനുഷ്യാവകാശ സംരക്ഷണത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചുമതലപ്പെടുത്തപ്പെട്ട കമീഷൻ സൽമാൻ രാജാവുമായി നേരിട്ട് ബന്ധപ്പെട്ട അതോറിറ്റിയാക്കി ശക്തിപ്പെടുത്തിയതായും അവർ വിശദീകരിച്ചു. അറിവ് നേടൽ, പരസ്പര സംഭാഷണം, സംഘടിത പ്രവർത്തനം, അനുഭവങ്ങളുടെ കൈമാറ്റം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യാവകാശങ്ങളെ തൊഴിൽപരമായും ഘടനാപരമായും സമീപിക്കേണ്ടതുണ്ടെന്ന് ഡോ. ഹല പറഞ്ഞു. സൗദി സമൂഹം പ്രതിനിധീകരിക്കുന്ന മാനുഷികവും സാമൂഹികവുമായ മൂല്യങ്ങൾ പൊതുസമൂഹത്തിന്റെ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യാവകാശങ്ങളുടെ 'ഇൻക്യൂബേറ്ററാ'ണെന്ന് താൻ കരുതുന്നു. അത് സമാധാനത്തിനും നന്മയ്ക്കും വേണ്ടിയുള്ളതും സ്നേഹത്താൽ സമ്പന്നവും ഇസ്‌ലാമിക ശരീഅത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്.

എല്ലാവരുടെയും മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ രാജ്യം മുന്നോട്ട് കൊണ്ടുപോകും. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാരും ജനങ്ങളും ഒന്നായി പ്രവർത്തിക്കുന്നുണ്ട്. 'എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും' എന്ന മുദ്രാവാക്യം മനുഷ്യരിൽ അന്തർലീനമായ അന്തസ്സിനെയും തുല്യ അവകാശങ്ങളേയും സ്ഥിരീകരിക്കുന്നു. ഇത് ഭരണനിയമത്തിന്റെ തത്വങ്ങളിൽ ഉൾപ്പെടുന്നതും ഇസ്‌ലാമിക ശരീഅത്തിലെ നീതി, കൂടിയാലോചന, സമത്വം എന്നീ മൂല്യങ്ങളെ സാക്ഷാത്കരിക്കുന്നതുമാണെന്നും സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Vision-2030' revised human rights laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.