ജിദ്ദ: ജിസാനിലെ മലയോര മേഖലയിൽ വീടുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് 'മൈ സ്കൂൾ' ഡിജിറ്റൽ ഫോം ഉപയോഗിക്കാൻ പരിശീലനം നൽകിയ അധ്യാപകനെ സൗദി വിദ്യാഭ്യാസ മന്ത്രാലയം ആദരിക്കും.
കുന്നിൻമുകളിൽ താമസിക്കുന്ന വിദ്യാർഥികളുടെ വീടുകളിലെത്തി ഹുറുബിലെ ജബൽ മആദി സ്കൂൾ അധ്യാപകനായ മുഹമ്മദ് ഹമദ് ദഅ്രീരിയാണ് മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പ്ലാറ്റ്ഫോം പഠനത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് അധ്യാപകനെ ആദരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലു ശൈഖ് മേഖല വിദ്യാഭ്യാസ കാര്യാലയത്തിന് നിർദേശം നൽകിയത്.
ഒരാഴ്ച മുമ്പാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഇൗ വർഷം പഠനത്തിന് ഇലക്ട്രോണിക് സംവിധാനമാണ് വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 'മൈ സ്കൂൾ' എന്ന ഫ്ലാറ്റ്ഫോം വിദൂര വിദ്യാഭ്യാസ രീതി വിദ്യാർഥികൾക്ക് എളുപ്പമാക്കുന്നതിനാണ് വിദ്യാർഥികളുടെ വീടുകളിൽ ചെന്ന് പരിശീലിപ്പിക്കുക എന്ന ആശയമുണ്ടായതെന്ന് അധ്യാപകൻ മുഹമ്മദ് ഹമദ് ദഅ്രീരി പറഞ്ഞു. ഒാൺലൈൻ സംവിധാനത്തിലുള്ള ക്ലാസുകളിൽ വിദ്യാർഥികൾ കുറയാൻ കാരണം സ്കൂൾ അധികൃതരും അധ്യാപകരും ചർച്ച ചെയ്തിരുന്നു.
പല കാരണങ്ങൾ കണ്ടെത്തിയതിൽ ഫ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള കഴിവില്ലായ്മയും ചർച്ചയിൽ വന്നു. അങ്ങനെയാണ് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കാൻ തീരുമാനിച്ചത്. സന്ദർശന വേളയിൽ ചിലർക്ക് പഠന സംവിധാനങ്ങൾ ഉള്ളതായും ചിലർക്ക് ഇല്ലാത്തതായും കണ്ടെത്തി. ഇല്ലാത്തവർക്ക് വേണ്ട ഉപകരണങ്ങൾ സ്കൂൾ വാങ്ങിക്കൊടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.