റിയാദ്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ട് കേരള നിയമസഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ യോഗ്യതയുള്ള യുവാക്കൾക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന് റിയാദിലെ നവോദയ കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പിൻവാതിൽ നിയമനം അവസാനിക്കാൻ ഈ തീരുമാനം സഹായിക്കും. നിയമഭേദഗതി മാതൃകാപരവും പ്രശംസനീയവുമാണ്. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ മുസ്ലിം ലീഗ് ഏതാനും തീവ്രവാദ സംഘടനകളുടെ ഒത്താശയോടെ, സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനും വർഗീയത വളർത്താനും കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. തങ്ങളുടെ ശിങ്കിടികളെ ഇഷ്ടാനുസരണം പണം വാങ്ങി ജോലിക്ക് കയറ്റിയിരുന്ന ലീഗിെൻറ ഇന്നലെകളിലെ രീതികൾ എന്നേക്കുമായി അവസാനിക്കുകയാണ്.
ലീഗ് നേതാക്കൾ തട്ടിയെടുത്ത വഖഫ് സ്വത്തുക്കൾ സർക്കാർ സർവേ നടപടിക്രമങ്ങളിലൂടെ തിരിച്ചുപിടിക്കാൻ ആരംഭിച്ചതും ലീഗിനെ ചൊടിപ്പിച്ചു. ദേവസ്വം ബോർഡ് മാതൃകയിൽ എന്തുകൊണ്ട് വഖഫ് ബോർഡ് സൃഷ്ടിക്കുന്നില്ല എന്ന മുടന്തൻന്യായവും പരിഹാസ്യമാണ്. ദേവസ്വം ബോർഡിൽ ആയിരക്കണക്കിന് നിയമനങ്ങളാണുള്ളത്. എന്നാൽ, വെറും 112 അഡ്മിനിസ്ട്രേറ്റിവ് തസ്തിക മാത്രമാണ് വഖഫ് ബോർഡിലുള്ളത്. അതിനായി വേറെ 50ലധികം ജോലിക്കാരെ നിയമിച്ച് ഒരു ബോർഡ് സ്ഥാപിക്കുന്നത് അധികാര ദുർവിനിയോഗവും ധൂർത്തുമായിരിക്കും.
യോഗ്യതയുള്ള മുസ്ലിം യുവാക്കൾക്കാണ് പി.എസ്.സി നിയമനം വഴി ജോലി ലഭിക്കുക. അതിനെ എതിർക്കുന്നതിന് ന്യായമായ ഒരുകാരണവുമില്ല. ഈ നിയമഭേദഗതിക്ക് മുന്നോട്ടുവന്ന ഇടതുപക്ഷ സർക്കാറിനെ നവോദയ റിയാദ് അഭിനന്ദിക്കുകയും കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്യുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.