ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രമായ ശറഫിയ്യയിൽ സംഭവിക്കുന്നതെന്ത്?

ജിദ്ദ: കുറച്ചു ദിവസങ്ങളായി സൗദി പ്രവാസികളിലും നാട്ടിലും മറ്റുമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയ്യയിൽ സംഭവിക്കുന്നതെന്ത് എന്നത്. ഈ ചോദ്യത്തിനുള്ള നേർക്കുനേർ ഉത്തരം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി പ്രചരിപ്പിക്കുന്ന വിധത്തിലുള്ള വലിയ പ്രശ്നങ്ങളൊന്നും ശറഫിയ്യയിൽ ഇല്ല എന്നുള്ളതാണ്.

എന്നാൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കെട്ടിട സുരക്ഷയുടെയും ജീവിത നിലവാരം ഉയർത്തുന്നതിന്റെയും നഗര സൗന്ദര്യവൽക്കരണത്തിന്റെയും അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതുമായും ബന്ധപ്പെട്ട് നടപ്പാക്കാനാരംഭിച്ച പരിഷ്ക്കരണങ്ങൾ ശറഫിയ്യയിലും ആരംഭിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ശറഫിയ്യയിലെ നിരവധി പഴയ കെട്ടിടങ്ങൾ ജിദ്ദ നഗരസഭ ഇതിനോടകം പൊളിച്ചുമാറ്റിയിട്ടുണ്ട്. നിലനിർത്തിയ കെട്ടിടങ്ങളിൽ പലതിലും അനധികൃതമായി കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഭാഗങ്ങൾ പൊളിച്ചു മാറ്റി നിയമപരമായി നഗരസഭ രേഖകളിൽ കാണിച്ച പ്രകാരമുള്ള രീതിയിലേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ കെട്ടിട ഉടമസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം കെട്ടിട ഉടമകൾ അത്തരം ഏച്ചുകെട്ടലുകൾ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. ഇത്തരം കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർക്കും നഗരസഭ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ജിദ്ദയിലെ ശറഫിയ്യയിൽ തിങ്കളാഴ്ച മുതൽ അടച്ചിട്ട ഷോപ്പുകൾ. ഫോട്ടോ: ഷാജി തുറക്കൽ

കച്ചവട കേന്ദ്രങ്ങളുടെ പഴയ നെയിം ബോർഡുകൾ പുതിയ രീതിയിൽ മാറ്റി സ്ഥാപിക്കാൻ നഗരസഭ അധികൃതർ നേരത്തെ മുഴുവൻ കച്ചവടക്കാർക്കും നിർദേശം നൽകിയിരുന്നു. അതനുസരിച്ച് കച്ചവടക്കാർ ബോർഡുകൾ മാറ്റിവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇവർക്ക് അധികൃതരിൽ നിന്നും പുതിയ നിർദേശം വരുന്നത്. ഷോപ്പുകളുടെ മുൻഭാഗത്ത് തള്ളി നിൽക്കുന്ന മുഴുവൻ നെയിം ബോർഡുകളും പൊളിച്ചു കളയുകയും ഷോപ്പിന്റെ ചുമരിനോട് ചേർന്ന് പതിഞ്ഞ രൂപത്തിൽ മാത്രം നെയിം ബോർഡുകൾ നിലനിർത്തുകയും ചെയ്യണം എന്നാണ് ഒരു നിർദേശം.

അതോടൊപ്പം നിലവിൽ ഷോപ്പുകളുടെ അകത്ത് നിർമിച്ചിട്ടുള്ള ഗ്ലാസ് ഫ്രെയിമുകൾ ഇനി മുതൽ ഷട്ടറുകൾക്ക് പുറത്തും ഷട്ടറുകൾ ഗ്ളാസ് ഫ്രെയിമിന് അകത്തേക്കും മാറ്റി സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഈ മാറ്റങ്ങൾ ശരിയാക്കിയതിന് ശേഷം മാത്രമേ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദമുള്ളൂ. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശറഫിയ്യയിലെ ഏതാണ്ടെല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്. പുതിയ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാനുള്ള ധൃതിപിടിച്ചുള്ള അറ്റകുറ്റപ്പണികൾ ആണ് ഈ മേഖലയിലെങ്ങും ഇപ്പോൾ നടക്കുന്നത്.

ഇതോടൊപ്പം തന്നെ കച്ചവട കേന്ദ്രങ്ങൾക്ക് സമീപത്തും മറ്റുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നഗരസഭ ഒരുക്കുന്നുണ്ട്. അധികൃതരിൽ നിന്നും മാറിമാറിവരുന്ന നിർദേശങ്ങൾ നടപ്പാക്കാൻ പ്രദേശത്തെ കെട്ടിട ഉടമകൾക്കും കച്ചവടക്കാർക്കും ചില പ്രായാസങ്ങളും വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാവുമെന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ പുതിയ നവീകരണ നടപടികൾ പൂർത്തിയാകുന്നതോടെ ശറഫിയ്യയുടെ മുഖച്ഛായ തന്നെ മാറുമെന്നും അത് പ്രദേശത്തെ വിപണി ഉണർവിന് സഹായകരമാവുമെന്നുമാണ് പൊതുവിലയിരുത്തൽ.

Tags:    
News Summary - What is happening in Sharafiya Places Where Malayalees gather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.