ജിദ്ദ: നഗരത്തിലെ റസ്റ്റോറന്റിനുള്ളിൽ അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി യുവതിയെ ജിദ്ദയിലെ ക്രിമിനൽ കോടതി 48 മണിക്കൂർ തടവിന് ശിക്ഷിച്ചു. ജിദ്ദ കോർണിഷിലെ പ്രശസ്തമായ റെസ്റ്റോറന്റ് ആൻഡ് കോഫി ഷോപ്പിൽ വെച്ച് ഒരു സ്വദേശി പൗരന്റെയും ഭാര്യയുടെയും വീഡിയോ ഇവർ ഷൂട്ട് ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചതിനാണ് യുവതിക്ക് ശിക്ഷ നൽകിയതെന്നും ഭാവിയിൽ ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കില്ലെന്ന് പ്രതി പ്രതിജ്ഞയെടുക്കണമെന്നും കോടതി വിധിച്ചു.
തന്റെ അനുവാദമില്ലാതെയാണ് വീഡിയോ എടുത്തെന്ന് പ്രതികരിച്ച തന്നെയും ഭാര്യയെയും അപഹാസ്യമായ വാക്കുകൾ ഉപയോഗിച്ചു ചീത്ത വിളിച്ചെന്നും തങ്ങളുടെ സ്വകാര്യത ലംഘിച്ചതിന് യുവതിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വദേശി പൗരന്റെ പരാതിയിലാണ് കോടതിയുടെ നടപടി. പരാതിക്കാരന്റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവർക്കെതിരെ അപകീർത്തികരമായ വാക്കുകളൊന്നും പറഞ്ഞില്ലെന്ന് കുറ്റാരോപിതയായ യുവതി കോടതിയെ ധരിപ്പിച്ചു.
തനിക്കെതിരെ ദമ്പതികളുടെ ഭാഗത്തു നിന്നുണ്ടായ ആക്ഷേപകരമായ വാക്കുകളുടെ തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും അവർ ന്യായീകരിച്ചു. റസ്റ്റോറന്റിൽ പ്രവേശിക്കുന്നതിന് മുമ്പ് റോഡിൽ വെച്ച് ദമ്പതികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് താൻ വീഡിയോ ചിത്രീകരിച്ചുവെന്നും വഴക്കിനിടെ പുരുഷൻ മോശമായ വാചകം ഉപയോഗിച്ച് തന്നെ അധിക്ഷേപിച്ചുവെന്നും യുവതി വ്യക്തമാക്കി. എന്നാൽ പ്രോസിക്യൂഷൻ തന്റെ ഫോൺ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് താൻ വീഡിയോ ക്ലിപ്പ് ഡിലീറ്റ് ചെയ്തെന്നും സംശയാസ്പദമായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് കൈവശമില്ലെന്നും പ്രതി അവകാശപ്പെട്ടു.
തുടർന്ന് ഇരു കക്ഷികളുടെയും വിശദീകരണം കേട്ട കോടതി, അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ എടുത്തതായി യുവതി സമ്മതിച്ചതിനാൽ കുറ്റം സമ്മതിച്ചയാൾക്ക് ഒഴികഴിവില്ലെന്നും ഇത് ദമ്പതികളുടെ വ്യക്തിപരമായ അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും വിലയിരുത്തിയാണ് യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.