ദമ്മാം: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന 'പ്രചോദന 22' വെള്ളിയാഴ്ച അസീസയിൽ അരങ്ങേറും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പ്രഭാഷകനുമായ ഫാ. ചിറമ്മൽ, സാമൂഹിക പ്രവർത്തകരായ നാസർ മാനു, കമ്മുക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം അൽഖോബാർ ജെർജീർ റസ്റ്റാറന്റ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ഡബ്ല്യു.എം.എഫ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിക്കാലം അലസമാക്കിയ കുട്ടികളും മുതിർന്നവരും അടങ്ങിയ പ്രവാസ സമൂഹത്തിന് പുതിയ പ്രതീക്ഷയുടെ വെളിച്ചം പകരുക എന്നതാണ് പ്രചോദന എന്ന പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ആഗോള കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന് 160-ലധികം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സംഘടയാണെന്നും ഇവർ പറഞ്ഞു. ഫാ. ഡേവിസ് ചിറമ്മൽ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ടി.പി. ശ്രീനിവാസൻ, ലാൽ ജോസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികൾ. ദമ്മാമിൽ അഞ്ച് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സംഘടന കൂടുതൽ സജീവമാകുന്നതിനുള്ള ഊർജം ഉൾക്കൊള്ളാനുള്ള പരിപാടി കൂടിയാണിതെന്നും സംഘാടകർ വിശദീകരിച്ചു. സംഘടനയുടെ രക്ഷാധികാരിയായ ഫാ. ചിറമ്മലിനെ പരിപാടിയിൽ ആദരിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ അൽഖോബാർ അസീസിയയിലെ ലുലു ഹാളിലാണ് പരിപാടി അരങ്ങേറുന്നത്. വാർത്തസമ്മേളനത്തിൽ ദമ്മാം കൗൺസിൽ പ്രസിഡന്റ് ജലീൽ പളളാത്തുരുത്തി, സെക്രട്ടറി പ്രിൻസ് ജോർജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശിഹാബ് കൊയിലാണ്ടി, കൺവീനർമാരായ വർഗീസ് പെരുമ്പാവൂർ, ചന്ദൻ ഷേണായി, രക്ഷാധികാരി മുസ്തഫ തലശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.