റിയാദ്: ലോക സീനീയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കമായി. ഇൻറർനാഷനൽ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ജലൂദിെൻറയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ തലവന്മാരുടെയും സാന്നിധ്യത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിലാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച മത്സരങ്ങൾ ഈ മാസം 17 ന് സമാപിക്കും. മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിവിധ ഭാര വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ താരങ്ങളും മത്സരിക്കുന്നുണ്ട്. 49 കിലോ വനിതാ വിഭാഗത്തിൽ മീരാഭായ് ചാനു, 55 കിലോ വനിതാവിഭാഗത്തിൽ ബിന്ദ്ര്യാനി ദേവി, 73 കിലോ പുരുഷ വിഭാഗത്തിൽ അച്ചിന്ദ ഷൗലി, അജിത് നാരായൻ, 109 കിലോ പുരുഷ വിഭാഗത്തിൽ ഗുരുദീപ് സിങ്, 61 കിലോ വിഭാഗത്തിൽ സുഭം തനാജി തോഡ്കർ എന്നിവരാണ് ഇന്ത്യൻ കരുത്ത് തെളിയിക്കാനെത്തുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സൗദിയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് ഇതിലെ പങ്കാളിത്തം നിർബന്ധമാണ്. അതിനാൽ ലോകമെമ്പാടുമുള്ള 170-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,500 പുരുഷ-വനിതാ അത്‌ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
ഒരു വർഷം മുമ്പാണ് ലോക സീനിയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അന്ന് മുതൽ സംഘാടക സമിതി ഒരുക്കം ആരംഭിച്ചിരുന്നു. വിസ നൽകൽ, പങ്കെടുക്കുന്ന ആളുകളെ ഉൾക്കൊള്ളുന്നതിനായി ഒമ്പത് ഹോട്ടലുകൾ തെരഞ്ഞെടുത്ത് തയ്യാറാക്കൽ, ലോജിസ്റ്റിക് ക്രമീകരണങ്ങൾ ഒരുക്കൽ, മീഡിയ, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, സന്നദ്ധസേവനം എന്നീ സംഘങ്ങളുടെ ക്രമീകരണം, വെയ്റ്റ്ലിഫ്റ്റ് ഉപകരണങ്ങളിൽ വിദഗ്ധരായ അന്താരാഷ്ട്ര കമ്പനികളുമായി കരാറുകളുണ്ടാക്കൽ എന്നിവ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
കായികതാരങ്ങളെ റസിഡൻസ് ഹാളിൽ നിന്ന് പരിശീലന, മത്സര ഹാളിലേക്ക് കൊണ്ടുപോകുന്നതിന് 20 ബസുകൾ, കായികതാരങ്ങൾക്കായി പരിശീലനത്തിന് 70ലധികം പരിശീലന പ്ലാറ്റ്‌ഫോമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലന ഷെഡ്യൂൾ രാവിലെ എട്ട് മുതൽ രാത്രി 10 വരെയാണ്. ഡൈനിങ് കോർണർ, അതിവേഗ ഇൻറർനെറ്റ് കണക്ഷൻ സേവനം, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം മാധ്യമ പ്രവർത്തകർക്ക് സൗകര്യമൊരുക്കാൻ മീഡിയ സെൻറർ എന്നിവയും സംഘാടന സമിതി ഒരുക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുള്ളതെന്നും സംഘാടക സമിതി വ്യക്തമാക്കി.
വെയ്റ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് വിജയകരമാക്കാൻ സംഘാടക സമിതി നടത്തിയ മഹത്തായ ശ്രമങ്ങളെ ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ദ ഗെയിം പ്രസിഡൻറ് മുഹമ്മദ് ജലൂദ് അഭിനന്ദിച്ചു. 2021 ൽ ജിദ്ദയിൽ ആതിഥേയത്വം വഹിച്ച ലോക യൂത്ത് വെയിറ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് മികച്ച വിജയമാണ് നേടിയത്. മറ്റൊരു ചാമ്പ്യൻഷിപ്പിെൻറ തെരഞ്ഞെടുപ്പിൽ ആ വിജയം ഏറ്റവും വലിയ സ്വാധീനം ചെലുത്തി. 2024 ലെ പാരീസ് ഒളിമ്പിക്‌സിലേക്കുള്ള ആദ്യത്തെ ട്രാൻസിറ്റ് സ്റ്റോപ്പായിരിക്കും സൗദി അറേബ്യ. ഈ ടൂർണമെൻറിന് സംഘാടക സമിതി പുതിയ കായിക ഉപകരണങ്ങൾ ഒരുക്കിയതിനെ ജലൂദ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.