ഓർമകളിൽ വർണവിസ്മയം ബാക്കിയാക്കി യാംബു പുഷ്പമേള സമാപിച്ചു

യാംബു: വർണ വിസ്മയവും സൗരഭ്യവും ഓർമകളിൽ ബാക്കിയാക്കി സൗദിയിലെ ഏറ്റവും വലിയ പുഷ്പമേളയായ ഈ വർഷത്തെ യാംബു പുഷ്പമേള സമാപിച്ചു. സ്വദേശികളും വിദേശികളും ഒരുപോലെ ആസ്വാദിച്ച 14-ാമത് മേള ഫെബ്രുവരി 15 നാണ് ആരംഭിച്ചത്. മാർച്ച് ഒമ്പതിന് തീരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മേള സന്ദർശകരുടെ തിരക്ക് കാരണം ഏപ്രിൽ 30 വരെ സംഘാടകരായ യാംബു റോയൽ കമീഷൻ അതോറിറ്റി നീട്ടുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ മേളയാണ് നൂതനവും അത്യാകർഷകവുമായ പരിപാടികളുമായി നാലു വർഷത്തിന് ശേഷം കടന്നുവന്നത്.

വൈകുന്നേരം അഞ്ച് മുതൽ രാത്രി 11 വരെ 11.50 സൗദി റിയാൽ മൂല്യമുള്ള ടിക്കറ്റെടുത്തായിരുന്നു സന്ദർശകർക്ക് ആദ്യഘട്ടത്തിൽ മേളയിൽ പ്രവേശനം നൽകിയിരുന്നത്. അവസാനഘട്ടത്തിൽ ടിക്കറ്റ് ചാർജ് അധികൃതർ 30 സൗദി റിയാൽ ആക്കി നിശ്‌ചയിച്ചതിനാൽ സന്ദർശകരുടെ തിരക്കിൽ അൽപ്പം കുറവ് വന്നിരുന്നു. സമാപന ദിവസമായ ചൊവ്വാഴ്ച സന്ദർശകർക്ക് സൗജന്യ പ്രവേശനം നൽകിയതിനാൽ സ്വദേശികളും പ്രദേശവാസികളുമായ സന്ദർശകർ ഒഴുകിയെത്തി. വർണാഭമായ പ്രത്യേക ദൃശ്യങ്ങളും സാംസ്‌കാരിക പരിപാടികളും സന്ദർശകർക്കായി പ്രത്യേകം ഒരുക്കിയിരുന്നു. ഒന്നര ദശലക്ഷത്തിലധികം സന്ദർശകർ രണ്ടര മാസക്കാലമായി നടന്നുവന്ന യാംബു 'ഫ്ളവർ ആൻറ് ഗാർഡൻ ഫെസ്റ്റിവൽ' കാണാൻ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇതര ജി.സി.സി.രാജ്യങ്ങളിൽ നിന്നും എത്തിയതായി സംഘാടകർ കണക്കുകൂട്ടുന്നു. യാംബു-ജിദ്ദ ഹൈവേ റോഡിന്റെ ഓരം ചേർന്നുള്ള റോയൽ കമ്മീഷൻ മേഖലയിലെ അൽ മുനാസബാത്ത്‌ പാർക്കിലായിരുന്നു വൈവിധ്യമാർന്ന പുഷ്‌പോത്സവം നടന്നത്.

അതിവിശാലമായ പൂ പരവതാനിക്ക് രണ്ടു തവണ നേരത്തേ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ യാംബു പുഷ്പമേള ഈ വർഷം മൂന്ന് ഗിന്നസ് റെക്കോഡുകൾ കൂടി നേടിയാണ് ആഗോള ശ്രദ്ധനേടിയത്. പൂക്കൾ കൊണ്ട് എഴുതിയ ‘സൽമാൻ’ എന്ന ഏറ്റവും വലിയ വാക്കായിരുന്നു അവയിലൊന്ന്. സൗദി ഭരണാധികാരിയുടെ പേരിനെ സൂചിപ്പിക്കുന്ന, പൂക്കളാൽ കോർത്തിണക്കിയ ‘സൽമാൻ’ ലോകത്ത് പൂക്കൾ കൊണ്ട് എഴുതിയ ഏറ്റവും വലിയ വാക്ക് ആയാണ് കണക്കാക്കുന്നത്. 19,474 ചുവന്ന റോസാപ്പൂക്കളാണ് ഈ വലിയ വാക്ക് രൂപീകരിക്കാൻ ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട എന്ന നേട്ടവും ഈവർഷത്തെ പുഷ്പമേളക്ക് ലഭിച്ചു. വെള്ളയും ചുവപ്പും ഉള്ള 1,27,224 പ്രകൃതിദത്ത പെറ്റൂണിയ പൂക്കളാണ് ഇതിന് ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന പൂന്തോട്ടവും മേളയിലുണ്ട്. ഇതിലെ പൂക്കൾ 2,50,000 ലേറെ വരും. നേട്ടങ്ങളുടെ കൂട്ടത്തിൽ മൂന്നാമത്തേത് പുനരുപയോഗിക്കാവുന്ന വസ്തുക്കളാൽ നിർമ്മിച്ച ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റ് ആണ്. റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമിച്ച ഈ ബഹിരാകാശ പേടകം 2024 ലെ പുഷ്പമേളയിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. പരിസ്ഥിതി സംരക്ഷണത്തിൽ പുനരുപയോഗ സംവിധാനത്തിന്റെ സാധ്യതകളും പ്രാധാന്യവും വെളിപ്പെടുത്തുന്നതാണിത്.

വൈവിധ്യമാർന്ന പൂക്കളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സന്ദർശകരെ ഹഠാദാകർഷിച്ചു. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, ടെക്നോളജി ആന്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോർണർ, ട്രാഫിക് സേഫ്റ്റി വില്ലേജ്, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, വിപണനത്തിനും പ്രദർശനത്തിനുമായി ഒരുക്കിയ 150 തോളം സ്റ്റാളുകൾ എന്നിവയും പുഷ്പനഗരിയിൽ സംവിധാനിച്ചിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ലേസർ വൈദ്യുത വിളക്കുകളാൽ ആകർഷകമാക്കിയ നഗരിയിൽ സായന്തനങ്ങളിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും ദൃശ്യ വിരുന്നൊരുക്കിയിരുന്നു. റോയൽ കമ്മീഷൻ ഇറിഗേഷൻ ആൻഡ് ലാൻഡ് സ്കേപിങ് വിഭാഗം ഒരുക്കിയ നഗരി സജീകരണവും യാംബു റോയൽ കമ്മീഷൻ സേഫ്റ്റി ആൻറ് സെക്യൂരിറ്റി വിഭാഗത്തിന്റെ സുരക്ഷാ സംവിധാനങ്ങളും സാനിറ്ററി വകുപ്പ് മേൽനോട്ടം വഹിച്ച ശുചിത്വ സേവനവും മുൻവർഷത്തേക്കാൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശികളും വിദേശികളുമായ സന്ദർശകർ പ്രവാസത്തിന്റെ വിരസതയകറ്റാൻ കുടുംബത്തോടൊപ്പം ചെങ്കടൽ തീര നഗരിയായ യാംബുവിലെ ഈ വസന്തോൽസവം കാണാൻ ഓരോ വർഷവും കാത്തിരിക്കുക പതിവാണ്. മലയാളികളുടെ വിവിധ കൂട്ടായ്‌മകളും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ വിനോദ യാത്രാ സംഘങ്ങളും കുടുംബങ്ങളും വർധിച്ച തോതിലാണ് ഈ വർഷം പുഷ്പസാഗരമായ കാഴ്ച കാണാൻ എത്തിയത്. ഇനിയുമൊരു പുതുമ നിറഞ്ഞ പുഷ്പമേളയുടെ വർണ വിസ്‌മയകാഴ്ചക്ക് വേണ്ടി കാത്തിരിക്കുകയാണ് യാംബു നിവാസികൾ.

Tags:    
News Summary - Yanbu Flower and Garden Festival concludedd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.