റിയാദ്: വിനോദസഞ്ചാര കേന്ദ്രമായ റിയാദിലെ ‘ഐൻ ഹീത്ത്’ ഗുഹയിലെ ജലാശയത്തിലേക്ക് പാറയിടിഞ്ഞു വീണ് വിദേശി പൗരൻ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു. നഗരകേന്ദ്രത്തിൽനിന്ന് 35 കിലോമീറ്റർ അകലെ തെക്കുഭാഗത്ത് അൽഖർജ് ഹൈവേയുടെ പാർശ്വ ഭാഗമായ സുലൈ പർവതനിരയ്ക്ക് ചുവട്ടിലാണ് ‘ഐൻ ഹീത്ത്’ എന്ന ജലം നിറഞ്ഞുകിടക്കുന്ന ഗുഹ. ഇതിനകത്ത് ഇറങ്ങി നീന്തികളിക്കുന്നതിനിടെയാണ് പാറയിടിഞ്ഞു വീണ് യമനി പൗരൻ മരിച്ചത്.
കൂടെയുണ്ടായിരുന്ന യമനി പൗരന്മാരായ മറ്റു മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 400 അടിയിലേറെ ആഴമുള്ള ഗുഹാന്തർഭാഗത്തെ ജലാശയത്തിൽ നാലുപേരും നീന്തുന്നതിനിടെ അപ്രതീക്ഷിതമായി പാറ ഇടിഞ്ഞുവീഴുകയായിരുന്നു. ഗുഹയുടെ മുകൾ ഭാഗത്തുനിന്ന് അടർന്ന ഒരു പാറക്കഷ്ണം ഒരാളുടെ മുകളിലേക്കു നേരിട്ട് പതിക്കുകയായിരുന്നു.
ഇയാൾ തൽക്ഷണം മരിച്ചു. അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം. വിവരമറിഞ്ഞ് സിവിൽ ഡിഫൻസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സുരക്ഷാസേനകളെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഐൻ ഹീത്ത്. വളരെ പൗരാണികമായ ഗുഹയാണിത്. മലയാളികൾ ഉൾപ്പെടെ നിരവധിയാളുകൾ ഇവിടം സന്ദർശിക്കാൻ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.