ഷാ​ഫി പ​റ​ക്കു​ളം

മ​ര​ണ​ത്തി​ലും പു​ണ്യം ബാ​ക്കി​വെ​ച്ച്​ ഷ​റ​ഫു; വ​സി​യ്യ​ത്ത്​ നി​റ​​വേറ്റാ​നു​റ​ച്ച്​ ഷാ​ഫി

ദു​ബൈ: ചില മനുഷ്യർ അങ്ങനെയാണ്​, ജീവിച്ചിരിക്കു​േമ്പാൾ മാത്രമല്ല, വേർപിരിഞ്ഞാലും അവസാനിക്കാത്ത പുണ്യമായിരിക്കും അവരെക്കുറിച്ചുള്ള ഓർമകൾ പോലും. ഹൃദയം മുറിയുന്ന വേദനകൾക്കിടയിലും പ്രവാസികൾ ഓർത്തുപറയുന്നു ഷറഫുദ്ദീൻ പിലാശ്ശേരി എന്ന നന്മയെപ്പറ്റി. മരണത്തിലേക്ക് വിമാനം കയറുന്നതിന്​ ഏതാനും മണിക്കൂറുകൾ മുമ്പുപോലും ഇല്ലാത്തവരുടെ വിശപ്പകറ്റുന്നതിനെക്കുറിച്ചായിരുന്നു ഷറഫുദ്ദീ​െൻറ ചിന്ത. ഈ ആവശ്യത്തിനായി ഏൽപിച്ചു പോയ പണം അർഹരിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്ത് ഷാഫി പറക്കുളം. ആ പുണ്യപ്രവൃത്തി അവനോടുള്ള ദൗത്യനിർവഹണം കൂടിയാണെന്ന് പാലക്കാട് തൃത്താല പറക്കുളം സ്വദേശി ഷാഫി പറയുന്നു.

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി സ്വദേശി ഷറഫുദ്ദീ​നെക്കുറിച്ച്​ ഷാഫി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഏവരെയും കണ്ണീരണിയിച്ചിരുന്നു. ഷാർജ ദൈദ് ഫയർ സ്​റ്റേഷനു സമീപം ഭക്ഷണശാല നടത്തുകയാണ് ഷാഫി. തൊട്ടടുത്ത സിക്​സ് ബേക്കറിയിൽ സെയിൽസ്​മാനായി ജോലിചെയ്യുകയാണ് ഷറഫു. ദിവസവും ഷാഫിയുടെ കടയിൽ വരാറുണ്ട് . വെള്ളിയാഴ്​ച പുലർച്ച റസ്​റ്റാറൻറ്​ തുറന്നയുടനെ ഷറഫുദ്ദീൻ കയറിവന്നത് ഷാഫി ഓർക്കുന്നു. ഭക്ഷണം കഴിക്കാനായിരിക്കുമെന്നാണ് കരുതിയത്. നാട്ടിലേക്ക് പോകുന്ന വിവരം പറഞ്ഞ അദ്ദേഹം വന്നിട്ട് കാണാമെന്ന്​ പറഞ്ഞ്​ കൈയിൽ കരുതിയ തുക ഏൽപിക്കുകയായിരുന്നു. ഇവിടെ കുടുങ്ങിക്കിടക്കുന്നവർക്കും ബുദ്ധിമുട്ടുന്നവർക്കും ജോലി ഇല്ലാത്തവർക്കും ഭക്ഷണം നൽകാൻ ഈ പണം ഉപയോഗിക്കണമെന്ന് പറഞ്ഞു. കുടുംബത്തിന് കഴിക്കാനുള്ള ഭക്ഷണവും വാങ്ങിയാണ് മടങ്ങിയത്. മുമ്പെങ്ങുമില്ലാത്ത എന്തോ ഒരു പ്രത്യേക ടെന്‍ഷനും അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്നു വർഷത്തെ പരിചയമാണ് ഷറഫുദ്ദ​ീനുമായുള്ളത്.

ലോക്​ഡൗൺ സമയത്തും റമദാനിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് ഷാഫി റസ്​റ്റാറൻറിനു മുമ്പിൽ പോസ്​റ്റർ പതിച്ചിരുന്നു . നിരവധി പേർക്ക് അത് സഹായമാവുകയും ചെയ്​തു . ഈ സേവനത്തിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ച്​ എത്തിയതോടെയാണ്​ ഷറഫുദ്ദീ‍െൻറ ദാനശീലം മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഷാഫി \" ഗൾഫ് മാധ്യമ\"ത്തോട് പറഞ്ഞു. അർഹരായ മനുഷ്യരെ ഷറഫു മുമ്പും പണം നൽകി സഹായിച്ചിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഒരു കിഡ്‌നി രോഗിക്ക് സ്ഥിരമായി പണം നൽകിയിരുന്നു. ലേബർ ക്യാമ്പുകളിലെയോ മറ്റോ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം എത്തിച്ചുനൽകി ഷറഫുദ്ദീൻ ഏൽപിച്ച പുണ്യം കൈമാറാനാണ് ഷാഫിയുടെ തീരുമാനം. ഭാര്യയെയും നാല് വയസ്സുള്ള മകളെയും സന്ദർശക വിസയിലാണ് ആറുമാസം മുമ്പ് യു.എ.ഇയിൽ എത്തിച്ചത്. വിമാനയാത്ര വിലക്കിൽ കുടുങ്ങി കുടുംബത്തി‍െൻറ നാട്ടിലേക്കുള്ള യാത്ര നീണ്ടു. കുടുംബത്തെ നാട്ടിലെത്തിക്കാൻ പറ്റാത്ത വിഷമങ്ങളെല്ലാം പലപ്പോഴും ഷാഫിയുമായി പങ്കിട്ടിട്ടുണ്ട്. നേരത്തേ ഭാര്യയെയും മകളെയും തനിച്ചു വിടാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവസാന നിമിഷം അവരെ അനുഗമിക്കാൻ ഷറഫു തീരുമാനിക്കുകയായിരുന്നു. വർഷങ്ങളായി യു.എ.ഇയിലുള്ള ഇദ്ദേഹം നല്ലൊരു സൗഹൃദ വലയത്തിനുടമയാണ്. പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ സുഹൃത്തുക്കൾ കണ്ടിട്ടില്ല.

സാമൂഹിക രംഗത്തും ഐ.സി.എഫ്​ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഷറഫു സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു. വിമാനത്തിനുള്ളിൽ കയറിയ ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഇരുന്ന് 'ബാക് ടു ഹോം' എന്ന അടിക്കുറിപ്പോടെ ഫേസ് ബുക്കിൽ ഇട്ട അവസാന പോസ്​റ്റും നൊമ്പരമായി. നാട്ടിലേക്കു വിളിച്ച് അപകട വിവരം ആരായുമ്പോഴും പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്നായിരുന്നു പ്രാർഥന.

എന്നാൽ, ടെലിവിഷൻ സ്‌ക്രീനിൽ മരണപ്പെട്ടവരുടെ ലിസ്​റ്റിൽ ആദ്യം തെളിഞ്ഞത് ഷറഫുവി​െൻറ പേരാണ്. അന്ത്യയാത്രയായിരുന്നു അതെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണെന്ന് ഷാഫി പറഞ്ഞു. അപകടത്തിൽ ഭാര്യ അമീന ഷെറിനും മകൾ ഫാത്തിമ ഇസ്സക്കും പരിക്കേറ്റിരുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.