അബൂദബി: ബറാക ആണവോർജ പ്ലാൻറിലെ ആദ്യ യൂനിറ്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി യു.എ.ഇ വൈദ്യുതി വിതരണ ഗ്രിഡുമായി ബന്ധിപ്പിക്കുകയും പ്രസരണം വിജയകരമായി ആരംഭിക്കുകയും ചെയ്തു. നാഷനൽ എനർജി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ട്രാൻസ്‌കോ അബൂദബി ട്രാൻസ്മിഷൻ ആൻഡ് ഡെസ്പാച്ച് കമ്പനിയുമായി സഹകരിച്ചാണ് യു.എ.ഇ ഗ്രിഡിൽ വൈദ്യുതി വിതരണമെന്ന് എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ അറിയിച്ചു. ബറാക ആണവോർജ പ്ലാൻറിലെ ഒന്നാം യൂനിറ്റിലെ ജനറേറ്റർ സംയോജിപ്പിച്ച് യു.എ.ഇയുടെ ദേശീയ വൈദ്യുത ട്രാൻസ്മിഷൻ ഗ്രിഡുമായി സമന്വയിപ്പിച്ചാണ് ആണവോർജ പ്ലാൻറിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി യു.എ.ഇ ദേശീയ ഗ്രിഡിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്. കഴിഞ്ഞ മാസാവസാനത്തോടെ നവാഹ് ഊർജ കമ്പനി ഒന്നാം യൂനിറ്റിൻെറ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണിത്.
ഓപ്പറേഷൻ ടീം ഇതിനകം ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. ആണവോർജ പ്ലാൻറിൽനിന്നുള്ള ശുദ്ധമായ വൈദ്യുതി വിതരണം യു.എ.ഇയിലുടനീളമുള്ള വീടുകളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നു. യു.എ.ഇ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബറാക ഒന്നാം യൂനിറ്റ് ബന്ധിപ്പിച്ചത് രാജ്യത്തിൻെറ വളർച്ചയെ ശക്തിപ്പെടുത്തുമെന്ന് എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി ചൂണ്ടിക്കാട്ടി. അടുത്ത 60 വർഷത്തേക്ക് യു.എ.ഇയുടെ വൈദ്യുതി ആവശ്യങ്ങളുടെ 25 ശതമാനം വരെ വൈദ്യുതി വിതരണം ആണവോർജത്തിലൂടെ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആണവോർജ പ്ലാൻറിലെ മറ്റു മൂന്ന് യൂനിറ്റുകൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.
ബറാക ആണവോർജ പ്ലാൻറിലെ ഒന്നാം യൂനിറ്റിനെ അബൂദബി ഇലക്ട്രിക് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിന് 400 കെ.വി ഓവർഹെഡ് ലൈനുകൾ 952 കിലോമീറ്റർ ദൈർഘ്യത്തിൽ സ്ഥാപിച്ചു. ബറാകയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സുരക്ഷിതമായും വിശ്വസനീയമായും എത്തിക്കുന്നുവെന്ന് യു.എ.ഇയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഉറപ്പ് വരുത്തുന്നതായി ട്രാൻസ്‌കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഫിഫ് സെയ്ഫ് അൽ യാഫി പറഞ്ഞു. യു.എ.ഇയിൽ കൂടുതൽ സുസ്ഥിര ഊർജ്ജ ഭാവി സാധ്യമാക്കുന്നതിൽ ട്രാൻസ്‌കോ പ്രധാന പങ്ക് വഹിക്കുന്നു. BARAKA PLANT CONTROL ROOM ബറാക ആണവോർജ പ്ലാൻറിലെ കൺട്രോൾ റൂം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.