ദുബൈ: ഇലക്ട്രിക് വാഹനങ്ങൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ഇ.വി ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഇ.വി ചാർജിങ് നെറ്റ്വർക്കായ ‘യു.എ.ഇ.വി’ എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ എമിറേറ്റുകളിലും നെറ്റ്വർക് സ്ഥാപിക്കുന്ന ‘യു.എ.ഇ.വി’ സംരംഭത്തിന്റെ പ്രഖ്യാപനം ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്കിടെ അബൂദബിയിലാണ് നടന്നത്. ഇത്തിഹാദ് വാട്ടർ ആൻഡ് ഇൻഫ്രാസ്ട്രക്ചറും യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ചേർന്നാണ് സംരംഭം രൂപപ്പെടുത്തിയത്.
പദ്ധതിയുടെ ഭാഗമായി ഈ വർഷം രാജ്യത്ത് 100 പുതിയ ഇ.വി ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കും. 2030ഓടെ 1,000 യൂനിറ്റുകളാണ് ലക്ഷ്യമിടുന്നത്.
അഡ്നെകിൽ ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിയിലാണ് പദ്ധതി അവതരിപ്പിച്ചത്. അജ്മാനിലാണ് ‘യു.എ.ഇ.വി’യുടെ യൂനിറ്റുകൾ ആദ്യമായി സ്ഥാപിച്ചത്. അടുത്ത മാസങ്ങളിൽ മറ്റു എമിറേറ്റുകളിലും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
2030 ഓടെ ഒരു ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കാൻ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം18 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണിത്. 160 കി.വാട്ട് ഫാസ്റ്റ് ചാർജിങ് പോയന്റുകളാണ് ‘യു.എ.ഇ.വി’ സ്ഥാപിക്കുക. രാജ്യത്തെ പ്രധാന ഭാഗങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്ന രീതിയിൽ സ്ഥാപിക്കുന്ന യൂനിറ്റുകൾ ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗിക്കാം. ഇതിനകം ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കിയവരെ സംരംഭം സഹായിക്കുന്നതിനൊപ്പം, കൂടുതൽ പേർക്ക് ഇ.വികളിലേക്ക് മാറാനുള്ള പ്രചോദനം നൽകുകയും ചെയ്യും. ഇ.വികൾ ആഗോള ഗതാഗതത്തിന്റെ ഭാവിയാണെന്നും സമൂഹം കൂടുതൽ പരിസ്ഥിതി, പാരിസ്ഥിതിക ബോധമുള്ളവരായി മാറുകയാണെന്നും യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അണ്ടർസെക്രട്ടറി എൻജി. ശരീഫ് അൽ ഉലമ പറഞ്ഞു. പൊതു ഇടങ്ങൾ, ജോലി സ്ഥലങ്ങൾ, ഷോപ്പിങ് സെന്ററുകൾ, റസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ വിന്യസിക്കും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഡ്രൈവർമാർക്കും ചാർജിങ് സൗകര്യം എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഉറപ്പാക്കുകയാണിത്.
ഈ ചാർജിങ് സ്റ്റേഷനുകൾ വേഗതയേറിയതും വിശ്വസനീയവുമായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷനൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, ഇ.വികളുടെ വിൽപന വിഹിതം 2023ൽ 15 ശതമാനത്തിൽ നിന്ന് 2030ൽ ഏതാണ്ട് 40 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിര ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഇ.വികൾ കൂടി സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.