ദുബൈ: ഇലക്ട്രിക് വാഹന രംഗത്ത് അതിവേഗം കുതിപ്പ് തുടരുന്ന യു.എ.ഇയിൽ അടുത്ത വർഷം 1000 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുന്നു. യു.എസ് കമ്പനിയായ ലൂപ് ഗ്ലോബൽ എന്ന കമ്പനിക്കാണ് നിർമാണ ചുമതല.
സുസ്ഥിര ഗതാഗത സംവിധാനമെന്ന നിലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ലൂപ് ഗ്ലോബൽ പ്രസിഡന്റും സഹ സ്ഥാപകനുമായ സാക് മാർട്ടിൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ കമ്പനി അബൂദബിയിൽ ആസ്ഥാന ഓഫിസ് തുറന്നിരുന്നു. ഹൈടെക് ലെവൻ 2, ഡി.സി ഫാസ്റ്റ് ചാർജിങ് യൂനിറ്റുകളാണ് സ്ഥാപിക്കുക. റെസിഡൻഷ്യൽ, ജോലിയിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരിക്കും പുതിയ ചാർജിങ് യൂനിറ്റുകൾ. ഫ്ലക്സ്, ഇൻഫിനിറ്റി സംവിധാനങ്ങൾ, പാസഞ്ചർ, വാണിജ്യ വാഹനങ്ങൾക്ക് അനുകൂലമാണ്. 22 കെ.ഡബ്ല്യൂ ഇ.വി ഫ്ലക്സ് സ്റ്റേഷനുകൾ മണിക്കൂറിൽ 77 മൈൽ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 300 കെ.ഡബ്ല്യു ഇൻഫിനിറ്റി ഫ്ലാഷ് സ്റ്റേഷനുകൾ മണിക്കൂറിൽ 800 മൈൽ വരെ റേഞ്ച് നൽകുന്നു. തൊട്ടടുത്ത സ്റ്റേഷനുകൾ കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേക മൊബൈൽ ആപ്പുകളും വികസിപ്പിക്കും. ഇത് വഴി പേമെന്റ് നടത്താനും സൗകര്യമുണ്ടാകും.പുതിയ ചാർജിങ് സ്റ്റേഷനുകൾ വരുന്നതിന് അനുസരിച്ച് കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് മാർട്ടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.