ദുബൈ: ഈ വർഷം ആദ്യ ആറു മാസത്തിൽ ദുബൈയിൽ രേഖപ്പെടുത്തിയത് 1.23 കോടി കസ്റ്റംസ് ഡിക്ലറേഷനുകൾ. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഓരോ മിനിറ്റിലും 48 ഡിക്ലറേഷനുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകതലത്തിൽ വ്യാപാര രംഗത്ത് ദുബൈ കൈവരിച്ച മുന്നേറ്റത്തെ കൂടിയാണിത് സൂചിപ്പിക്കുന്നത്.
ദുബൈ കസ്റ്റംസ് വകുപ്പ് ഒരുക്കിയ നൂതന സംവിധാനങ്ങളും സ്മാർട്ട് സേവനങ്ങളും കസ്റ്റംസ് ഡിക്ലറേഷൻ എളുപ്പത്തിലാക്കാൻ സഹായിക്കുന്നുണ്ട്. ഡിജിറ്റലൈസേഷൻ പദ്ധതികളിലൂടെ ഏറ്റവും വേഗത്തിലും എളുപ്പത്തിലും ബിസിനസ് ചെയ്യാനുള്ള സാഹചര്യം എമിറേറ്റിൽ ഒരുക്കാനും സാധിച്ചിട്ടുണ്ട്. 99.5 ശതമാനം കസ്റ്റംസ് ഇടപാടുകളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് എമിറേറ്റിൽ നിലവിൽ നടക്കുന്നത്.
ദുബൈ കസ്റ്റംസിന്റെ സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ സംതൃപ്തി നിരക്ക് 98 ശതമാനമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ദുബൈയുടെ സാമ്പത്തിക അജണ്ടയുമായി യോജിപ്പിച്ച് നൂതനമായ സംരംഭങ്ങളിലൂടെ എമിറേറ്റിന്റെ വിദേശ വ്യാപാരത്തിന്റെ മൂല്യം വർധിപ്പിക്കുന്നതിന് കസ്റ്റംസ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇർതിബാത് പദ്ധതിയുടെ ഭാഗമായി, സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി നയതന്ത്ര സ്ഥാപനങ്ങളുമായും സ്ഥാപനങ്ങളുമായും യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ആഗോളതലത്തിൽ നിയമവിരുദ്ധ വ്യാപാരം തടയുന്നതിന് വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നതിലും ദുബൈ കസ്റ്റംസ് സജീവമാണ്.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കസ്റ്റംസ് അധികൃതരുമായി ബന്ധം സൂക്ഷിക്കുന്നതിലൂടെ വ്യാപാരം കൂടുതൽ സുഗമമാക്കാൻ പരിശ്രമിക്കുകയും സുരക്ഷ വെല്ലുവിളികൾ ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നത്. ദുബൈ പൊലീസിന്റെയും കസ്റ്റംസിന്റെയും സഹായത്തോടെ നിരവധി കള്ളക്കടത്തുകൾ വിവിധ രാജ്യങ്ങൾ പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.