ദുബൈ: ദുബൈയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 181 തെരുവുകച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. മാർച്ച് പകുതി മുതൽ ഏപ്രിൽ 25 വരെ ദുബൈ പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗവും വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി. പഴം, പച്ചക്കറി എന്നിവ വിൽക്കുന്നവരുടെ വാഹനങ്ങളും പിടിച്ചെടുക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇവർ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സുരക്ഷാചട്ടങ്ങൾ നടപ്പാക്കുന്നതിനും നഗരത്തിന്റെ പ്രതിച്ഛായ നിലനിർത്തുന്നതിനുമായി തങ്ങളുടെ പങ്കാളികളുമായി സഹകരിച്ച് ദുബൈ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പ് ഡയറക്ടർ കേണൽ അലി സാലിം അൽ ഷംസി പറഞ്ഞു.
വഴിയോരക്കച്ചവടക്കാരിൽനിന്നോ പൊതുനിരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത കച്ചവടക്കാരിൽനിന്നോ പച്ചക്കറികൾ, പഴങ്ങൾ, മറ്റു ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉൽപന്നങ്ങൾ എവിടെനിന്ന് കൊണ്ടുവന്നതാണെന്നോ എവിടെ ഉൽപാദിപ്പിച്ചതാണെന്നോ ഉറപ്പില്ല. ഇത്തരം കച്ചവടക്കാർക്കെതിരെ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.