അബൂദബിയില്‍ ഗതാഗത നിയമ ലംഘന  പിഴകള്‍ സ്മാര്‍ട്ട് ഫോണിലൂടെ

അബൂദബി: സേവനങ്ങള്‍ കൂടുതല്‍ കൃത്യവും വേഗതയിലുള്ളതും ആക്കുന്നതിന്‍െറ ഭാഗമായി അബൂദബിയില്‍ ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ സൗകര്യത്തിലൂടെയും ലഭ്യമാക്കുന്നു.  
അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ക്കാണ് ജോലി കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ സേവനം ലഭ്യമാക്കുന്നത്. ജീവനക്കാര്‍ക്ക് ഗതാഗത നിയമ ലംഘന പിഴകളും മറ്റും സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാന്‍ സാധിക്കും. നിയമ ലംഘനങ്ങളുടെ തുടര്‍ നടപടികളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. നിയമ ലംഘകരുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പിഴകള്‍ നല്‍കാം. ഫോട്ടോകളുടെയും ഡിജിറ്റല്‍ തെളിവിന്‍െറയും അടിസ്ഥാനത്തിലാണ് പിഴകള്‍ നല്‍കാനാകുക. വാഹന ഡ്രൈവര്‍മാരുടെ പശ്ചാത്തലവും വാഹനത്തിന്‍െറ വിവരങ്ങളും സ്മാര്‍ട്ട് ഫോണിലൂടെ അറിയാന്‍ സാധിക്കുമെന്ന് അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍ജിനീയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു. 
പ്രധാന ഡാറ്റാ ബേസിലേക്ക് നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടുത്താനും ഈ സംവിധാനം ഉപയോഗിക്കാനാകും. ട്രാഫിക് ഓഫിസര്‍മാര്‍ക്ക് നിയമ ലംഘന വിവരങ്ങള്‍ പരസ്പരം കൈമാറാനും പൊലീസിന്‍െറ പ്രധാന സര്‍വറിലേക്ക് വിവരങ്ങള്‍ കൈമാറാനും പുതിയ സംവിധാനം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  നിയമ ലംഘനം നടത്തിയ വാഹനത്തിന്‍െറ ചിത്രം എടുത്ത ശേഷം ഏത് നിയമ ലംഘന പിഴകളും സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാം. ഹാര്‍ഡ് ഷോള്‍ഡറിലൂടെയുള്ള മറികടക്കല്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള പാര്‍ക്കിങ് സ്ഥലത്തെ പാര്‍ക്കിങ് തുടങ്ങി മുഴുവന്‍ നിയമ ലംഘനകളും സ്മാര്‍ട്ട് ഫോണ്‍ സേവന പരിധിയില്‍ വരും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.