അബൂദബി: 2016-17 അക്കാദമിക വര്‍ഷത്തില്‍ 51 സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധിപ്പിച്ചതായി അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്) അറിയിച്ചു. ശരാശരി ആറ് ശതമാനമാണ് ഫീസ് വര്‍ധന. മൊത്തം 90 സ്കൂളുകളില്‍നിന്നാണ് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചത്. ഇതില്‍ 39 സ്കൂളുകളുടെ അപേക്ഷ തള്ളി. യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകളില്‍ തീരുമാനമെടുത്തത്. അപൂര്‍ണമായ അപേക്ഷകള്‍ തള്ളിയാതായും അഡെക് അറിയിച്ചു.
ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയ 90 സ്കൂളുകളില്‍ 15 എണ്ണം ഏഷ്യന്‍ രാജ്യങ്ങളിലെ പാഠ്യക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിച്ച ശേഷമാണ് അപേക്ഷകളില്‍ തീരുമാനമെടുത്തത്. ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ വാര്‍ഷിക പരിശോധനകളില്‍ മാനദണ്ഡപ്രകാരമുള്ള നിലവാരം പുലര്‍ത്തിയിരിക്കണം. മികച്ച യോഗ്യതയുള്ള അധ്യാപകരെ നിയമിച്ച് മാനവവിഭവ ശേഷി പരിഷ്കരിക്കുന്നതിനുള്ള നടപടികളും പ്രധാനമാണ്.
സ്കൂള്‍ കെട്ടിട നവീകരണത്തിനുള്ള നിക്ഷേപം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സൗകര്യങ്ങളിലുള്ള വര്‍ധന, അധ്യാപകര്‍, ഓഫിസ് ജീവനക്കാര്‍, ടെക്നിക്കല്‍ സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവരില്‍ സ്വദേശികളുടെ ശതമാനം എന്നിവയും മാനദണ്ഡമാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ പ്രവേശം, അവര്‍ക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫീസ് വര്‍ധനക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതിയും യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കി നേരത്തെ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. അപേക്ഷയില്‍ ഒപ്പുവെക്കുന്നതിന്‍െറ പ്രാധാന്യം വിശദീകരിക്കുന്ന സര്‍ക്കുലറില്‍ അപേക്ഷയില്‍ പറയുന്ന സൗകര്യങ്ങളും മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നത് പ്രിന്‍സിപ്പലിന്‍െറ ചുമതലയാണെന്നും ഓര്‍മിപ്പിച്ചിരുന്നു.
ഉടമകളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങളില്‍ സ്കൂളുകള്‍ സന്തുലനം പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സ്കൂളിന് ലൈസന്‍സ് വേണം, അംഗീകൃത കമ്പനി സ്ഥാപിച്ച സി.സി.ടി.വി സംവിധാനം സ്കൂളില്‍ ഉണ്ടായിരിക്കണം. ഈ കാമറകള്‍ അഡെകിന്‍െറ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം തുടങ്ങിയ നിബന്ധനകളും ഫീസ് വര്‍ധനക്ക് ബാധകമാണെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.