അഡെക് റിപ്പോര്‍ട്ട് പുറത്തുവിട്ടു: അബൂദബിയിലെ സ്വകാര്യ സ്കൂളുകളുടെ നിലവാരം വര്‍ധിച്ചു

അബൂദബി: അബൂദബി എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ നിലവാരം വര്‍ധിച്ചതായി അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്) റിപ്പോര്‍ട്ട്. 2015-16 അക്കാദമിക വര്‍ഷത്തെ അഡെകിന്‍െറ സ്കൂള്‍ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 47 ശതമാനം സ്കൂളുകള്‍ക്ക് എ ബാന്‍ഡ് ലഭിച്ചു. 
പരിശോധന നടത്തിയ 110 സ്കൂളുകളില്‍ 43 എണ്ണത്തിന് എ ബാന്‍ഡും 38 എണ്ണത്തിന് ബി ബാന്‍ഡും  29 എണ്ണത്തിന് സി ബാന്‍ഡും ലഭിച്ചു. കുറഞ്ഞത് 43 സ്കൂളുകള്‍ നല്ലതോ അതിനു മുകളിലോ നിലവാരം പുലര്‍ത്തുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സ്വകാര്യ സ്കൂള്‍ ഗുണനിലവാര നിര്‍ണയ മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് ആല്‍ ദഹേരി പറഞ്ഞു. സ്കൂളുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നതിന്‍െറ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിശോധന നടത്തിയ സ്വകാര്യ സ്കൂളുകളില്‍ നാല്ളെണ്ണം വിശിഷ്ടം, 12 എണ്ണം വളരെ മികച്ചത്, 27 എണ്ണം മികച്ചത്, 38 എണ്ണം തൃപ്തികരം, 23 എണ്ണം മോശം, ആറെണ്ണം വളരെ മോശം ഗ്രേഡുകളാണ് നേടിയത്. 19 ശതമാനം സ്കൂളുകള്‍ ബി ബാന്‍ഡില്‍നിന്നും നാല് സ്കൂളുകള്‍ സി ബാന്‍ഡില്‍നിന്നും എയിലേക്ക് ഉയര്‍ന്നു. നാല് സ്കൂളുകളുടെ റാങ്കിങ് താഴ്ന്നു.
പരിശോധന നടത്തിയവയില്‍ 67 സ്കൂളുകള്‍ അബൂദബിയിലും 39 എണ്ണം അല്‍ഐനിലും നാലെണ്ണം പടിഞ്ഞാറന്‍ മേഖലയിലുമാണ്. ഇവയില്‍ 12 ഇന്ത്യന്‍, 31 അമേരിക്കന്‍, 25 ബ്രിട്ടീഷ് സ്കൂളുകളാണുള്ളത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ കീഴിലെ 27 സ്കൂളുകളിലും പരിശോധന നടത്തി. 16 സ്കൂളുകള്‍ മറ്റു വിവിധ പാഠ്യക്രമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 
ഇന്ത്യന്‍ സ്കൂളുകളില്‍ രണ്ടെണ്ണം എ ബാന്‍ഡ് നേടി. നാലെണ്ണം ബി ബാന്‍ഡും ആറെണ്ണം സി ബാന്‍ഡും നേടി. അബൂദബി സെന്‍റ് ജോസഫ്സ് സ്കൂള്‍, അബൂദബി സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂള്‍ എന്നിവയാണ് എ ബാന്‍ഡ് നേടിയവ. https://www.adec.ac.ae/en/Education/KeyInitiatives/Pages/IrtiqaaReports.aspx ലിങ്കില്‍ സ്കൂളുകളുടെ നിലവാരം അറിയാന്‍ സാധിക്കും.
ആറ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്കൂളുകളുടെ ഗ്രേഡ് നിര്‍ണയിച്ചത്. വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍, അവരുടെ വ്യക്തിത്വ-സാമൂഹിക വികസനം, പരിഷ്കരണ വൈദഗ്ധ്യം, അധ്യാപനവും മൂല്യനിര്‍ണയവും, പാഠ്യക്രമം, നേതൃത്വവും മാനേജ്മെന്‍റും എന്നിവയാണ് മികവ് വിലയിരുത്താന്‍ പരിഗണിച്ച മാനദണ്ഡങ്ങള്‍. ഓരോ 18 മുതല്‍ 24 വരെ മാസം കൂടുമ്പോള്‍ അബൂദബിയിലെ സ്കൂളുകള്‍ അഡെക് പരിശോധിക്കുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 51 സ്വകാര്യ സ്കൂളുകളില്‍ ശരാശരി ആറ് ശതമാനം ഫീസ് വര്‍ധനക്ക് സമിതി അനുമതി നല്‍കിയിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.