ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് വര്‍ധനക്ക് അനുമതി

ദുബൈ: 2016- 17 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി. സ്കൂളുകളില്‍ പരിശോധന നടത്തി നല്‍കിയ റേറ്റിങിന്‍െറയും വിദ്യാഭ്യാസ ചെലവ് സൂചികയുടെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വര്‍ധിക്കുക. 3.21 മുതല്‍ 6.42 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ സ്കൂളുകള്‍ക്ക് അനുവാദമുണ്ട്. എണ്ണ വില തകര്‍ച്ചയെ തുടര്‍ന്ന് ജീവിത ചെലവ് കൂടിവരുന്നതിനിടെ സ്കൂള്‍ ഫീസ് ഇനിയും വര്‍ധിക്കുന്നത് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. 
വിദ്യാഭ്യാസ ചെലവ് സൂചിക കഴിഞ്ഞവര്‍ഷം 2.92 ശതമാനത്തില്‍ നിന്ന് 3.21ലത്തെിയതായി കെ.എച്ച്.ഡി.എ അറിയിച്ചു. ഉപഭോക്തൃ വില സൂചിക, സ്കൂളിന്‍െറ പ്രവര്‍ത്തന ചെലവ് തുടങ്ങിയവ കണക്കിലെടുത്താണ് ദുബൈ സ്റ്റാസ്റ്റിക്സ് സെന്‍റര്‍ വിദ്യാഭ്യാസ ചെലവ് സൂചിക നിര്‍ണയിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ സ്കൂളുകളില്‍ നടത്തുന്ന പരിശോധനക്ക് ശേഷം അവയെ തരംതിരിക്കും. ഏറ്റവും മികച്ചത്, വളരെ മികച്ചത്, മികച്ചത്, തൃപ്തികരം, അസംതൃപ്തം എന്നിങ്ങനെയാണ് തരംതിരിക്കുക. ഏറ്റവും മികച്ചത് എന്ന നിലവാരം ലഭിക്കുന്ന സ്കൂളുകള്‍ക്ക് 6.42 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാം. വളരെ മികച്ചവക്ക് 5.62 ശതമാനവും മികച്ചവക്ക് 4.82 ശതമാനവും തൃപ്തികരം, അസംതൃപ്തം എന്നിവക്ക് 3.21 ശതമാനവും ഫീസ് കൂട്ടാന്‍ അനുമതിയുണ്ടാകും. ഇപ്പോഴത്തെ വിദ്യാഭ്യാസ ചെലവ് സൂചിക അടുത്ത അധ്യയന വര്‍ഷത്തേക്ക് മാത്രമായിരിക്കും പ്രാബല്യത്തിലുണ്ടാവുക.  സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയരാന്‍ ഫീസ് വര്‍ധന ഉപകരിക്കുമെന്ന് കെ.എച്ച്.ഡി.എ റെഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റ്സ് കമീഷന്‍ മേധാവി മുഹമ്മദ് ദര്‍വീശ് പറഞ്ഞു. സ്കൂളുകള്‍ തോന്നിയ പോലെ ഫീസ് വര്‍ധിപ്പിക്കുന്നത് തടയാന്‍ ഇതിലൂടെ കഴിയും. സ്കൂളിന് വേണ്ടി പണം മുടക്കിയവരുടെയും രക്ഷിതാക്കളുടെയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കാന്‍ സാധിക്കും. അധ്യാപകരുടെ ശമ്പളം, കെട്ടിക വാടക, അറ്റകുറ്റപണി ചെലവ്, വൈദ്യുതി- വെള്ളം നിരക്ക് തുടങ്ങിയവ കണക്കിലെടുത്താണ് വിദ്യാഭ്യാസ ചെലവ് സൂചിക നിര്‍ണയിക്കുന്നത്. പ്രവര്‍ത്തന ചെലവിലുണ്ടാകുന്ന വര്‍ധനക്കനുസരിച്ച് നഷ്ടമില്ലാതെ മുന്നോട്ടുപോകാന്‍ ഫീസ് വര്‍ധന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എല്ലാ വര്‍ഷവും കെ.എച്ച്.ഡി.എ വിദ്യാഭ്യാസ ചെലവ് സൂചിക പുതുക്കി നിശ്ചയിച്ചുവരുന്നുണ്ട്. അഞ്ചുവര്‍ഷമായി ഈ സംവിധാനം നിലനില്‍ക്കുന്നു. സ്കൂളുകളില്‍ നടത്തുന്ന പരിശോധനകള്‍ കൂടി പരിഗണിച്ചാണ് ഫീസ് വര്‍ധനക്ക് അനുമതി നല്‍കുന്നത്. പുതിയ ഫീസ് വര്‍ധനയോട് സ്കൂള്‍ മാനേജ്മെന്‍റുകള്‍ അനുകൂലമായി പ്രതികരിച്ചപ്പോള്‍ മലയാളികള്‍ അടക്കമുള്ള രക്ഷിതാക്കള്‍ ആശങ്കയിലാണ്. പ്രതിസന്ധികള്‍ക്കിടയില്‍ സ്കൂള്‍ ഫീസിനായി അധിക തുക എങ്ങനെ കണ്ടത്തെുമെന്നറിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.