സീറ്റ് കിട്ടാന്‍ എന്തുചെയ്യണം;  ശിപാര്‍ശയും തേടി രക്ഷകര്‍ത്താക്കള്‍

അബൂദബി: അബൂദബിയിലെ ഇന്ത്യന്‍ സ്കൂളുകളിലെ സ്ഥാപന മേധാവികളും പ്രിന്‍സിപ്പല്‍മാരും ഇപ്പോള്‍ ‘ഒളിവിലാ’ണ്. പലരും പരിചിതമല്ലാത്ത നമ്പര്‍ ആണെങ്കില്‍ ഫോണ്‍ പോലും എടുക്കില്ല. സംഘടനാ ഭാരവാഹികളും വ്യാപാര പ്രമുഖരും അടക്കമുള്ള പ്രവാസി പ്രമുഖരും ‘ഒളിച്ചുകളി’യിലാണ്. നാട്ടിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും ശിപാര്‍ശക്കത്തിന് പോലും ‘വില’യില്ല. നാല് വയസ്സായ കുട്ടികളുടെ രക്ഷകര്‍ത്താക്കളെല്ലാം ഇപ്പോള്‍ വിശ്വസിക്കുന്നത് നറുക്കിന്‍െറ ‘ഭാഗ്യ’ത്തിലാണ്. ചൈനയുടെ ഒറ്റക്കുട്ടി നയം മാറ്റിയത് അബൂദബിയിലെ ഇന്ത്യന്‍ സ്കൂളുകളുടെ പ്രവേശ പ്രശ്നം മൂലമാണെന്ന് തോന്നും രണ്ടും മൂന്നും കുട്ടികളുള്ളവരുടെ ഗമ കണ്ടാല്‍. മൂത്ത കുട്ടികള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ പ്രവേശം ലഭിച്ചതിന്‍െറ സന്തോഷം രക്ഷകര്‍ത്താക്കള്‍ ശരിക്കും അനുഭവിക്കുന്നത് ഇപ്പോഴാണ്. 
ഇന്ത്യന്‍ സ്കൂളുകളിലെ കെ.ജി. പ്രവേശ നടപടികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ രക്ഷാകര്‍ത്താക്കള്‍ നെട്ടോട്ടമോടുകയാണ്. സ്കൂള്‍ ഓഫിസുകളും പ്രിന്‍സിപ്പല്‍മാരുടെ വീടുകളും സംഘടനാ ഭാരവാഹികളുടെ കേന്ദ്രങ്ങളുമെല്ലാം രക്ഷകര്‍ത്താക്കളുടെ സന്ദര്‍ശനത്താല്‍ നിറഞ്ഞിരിക്കുന്നു. ബന്ധങ്ങള്‍ പറഞ്ഞും നാട്ടിലെ സ്വാധീനം വെളിപ്പെടുത്തിയും കാലുപിടിച്ചും കണ്ണീരൊലിപ്പിച്ചും എല്ലാം ഒരു സീറ്റ് നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് രക്ഷകര്‍ത്താക്കള്‍. എണ്ണ വിലക്കുറവ് മൂലം ഉണ്ടെന്ന് പറയപ്പെടുന്ന സാമ്പത്തിക മാന്ദ്യം പോലും അബൂദബിയിലെ കെ.ജി.വണ്‍, കെ.ജി. ടു പ്രവേശത്തെ ബാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അബൂദബിയിലെ പകുതി അപേക്ഷകര്‍ക്ക് പോലും കെ.ജി. വണ്‍ സീറ്റ് കിട്ടാക്കനിയാണ്. കുട്ടിയെയും കുടുംബത്തെയും നാട്ടില്‍ അയക്കുകയല്ലാതെ പോംവഴിയില്ലാത്ത അവസ്ഥിയിലാണ് പലരും. അബൂദബി ഇന്ത്യന്‍ സ്കൂള്‍ അടക്കം ഏതാനും സ്ഥാപനങ്ങളിലെ നറുക്കെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ ഈ കടുത്ത തീരുമാനം എടുക്കേണ്ടി വരും. 
കുട്ടിയുടെ പ്രവേശം ഉറപ്പിക്കുന്നതിന് ഒരു വര്‍ഷമായി സ്കൂള്‍ ഓഫിസ് കയറിയിറങ്ങുന്ന രക്ഷകര്‍ത്താക്കളുണ്ടെന്ന് അബൂദബിയിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളിന്‍െറ പ്രിന്‍സിപ്പല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വളരെ വിഷമത്തോട് കൂടിയാണ് ഓരോ ദിവസവും ഇവരെ അഭിമുഖീകരിക്കുന്നത്. ശിപാര്‍ശക്ക് സ്വാധീനമില്ലാത്തവരും വലിയ വരുമാനം ഇല്ലാത്തവരുമാണ് ഇത്തരക്കാരില്‍ അധികവും. ഇവരുടെ വിഷമവും പ്രയാസവും കാണുമ്പോള്‍ സങ്കടം തോന്നുമെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി മോഡല്‍ സ്കൂളില്‍ കെ.ജി. ഒന്നില്‍ 350 സീറ്റുകളാണ് ഉള്ളതെന്ന് ഇതിലേക്ക് 2300ലധികം അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായും പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇത്തരത്തില്‍ മാത്രം 300ലധികം അപേക്ഷകളുണ്ട്. കെ.ജി. രണ്ടിലേക്കും പ്രവേശത്തിന് വലിയ തള്ളലാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പ്രവേശം ലഭിക്കാത്തതിനാല്‍ നാട്ടില്‍ ചേര്‍ത്തും വീട്ടിലിരുത്തി പഠിപ്പിച്ചവരും കെ.ജി. രണ്ട് പ്രവേശത്തിനായി വരുന്നുണ്ട്. ഇവരില്‍ പലരും ഒരു വര്‍ഷമായി സീറ്റ് ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
മാസങ്ങള്‍ നീണ്ട ഓട്ടത്തിനും സമ്മര്‍ദത്തിനുമാണ് കഴിഞ്ഞ ദിവസം അല്‍ വത്ബ സ്കൂളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അവസാനമായതെന്ന് മലപ്പുറം സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നറുക്കെടുപ്പില്‍ സീറ്റ് ലഭിച്ച 75 ഭാഗ്യവാന്‍മാരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. 
3000 അപേക്ഷകരില്‍ നിന്നാണ് 75 പേര്‍ക്ക് പ്രവേശം ലഭിച്ചത്.  ബ്രൈറ്റ് റൈഡേഴ്സ് അടക്കമുള്ള സ്കൂളുകളിലും സീറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്. മിക്കവാറും സ്കൂളുകളില്‍ 200 മുതല്‍ 300 വരെ സീറ്റുകള്‍ കെ.ജി. വണ്‍ ക്ളാസില്‍ ഉണ്ടെങ്കിലും നല്ളൊരു ശതമാനവും സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കായി പോകും. സ്കൂളിന് കീഴില്‍ നടക്കുന്ന നഴ്സറികളുണ്ടെങ്കില്‍ അവിടത്തെ കുട്ടികള്‍ക്കും സീറ്റ് മാറ്റിവെക്കും. ബാക്കി നാമമാത്രമായ സീറ്റുകളിലേക്കാണ് ഓപ്പണ്‍ ക്വാട്ടയില്‍ പ്രവേശം നടക്കുന്നത്.  
 പ്രമുഖ ഇന്ത്യന്‍ വിദ്യാലയമായ അബൂദബി ഇന്ത്യന്‍ സ്കൂളില്‍ കെ.ജി. ഒന്ന്, ഒന്നാം ക്ളാസ് എന്നിവയിലേക്കുള്ള ഓപ്പണ്‍ ക്വാട്ടയില്‍ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 18 മുതല്‍ 20 വരെ നടക്കും. 2016- 17 വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കെ.ജി. ഒന്ന്, ഒന്നാം ക്ളാസ് എന്നിവയില്‍ പ്രവേശം ആഗ്രഹിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ http://www.adisuae.com/admission.php എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ സ്ളിപ്പ് മുറൂറിലെ അബൂദബി ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലെ ഡ്രോപ്പ് ബോക്സില്‍ നിക്ഷേപിക്കണം. ജനുവരി 27ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ഇതിന് അവസരം ലഭിക്കുക. കെ.ജി. ഒന്നിലേക്കുള്ള നറുക്കെടുപ്പ് ജനുവരി 30നും ഒന്നാം ക്ളാസിലേക്കുള്ള നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിനും നടക്കും. 
ഇന്ത്യന്‍ സ്കൂളില്‍ ഈ വര്‍ഷം കെ.ജി. രണ്ട്, രണ്ടാം ഗ്രേഡ് മുതല്‍ ഒമ്പതാം ഗ്രേഡ് വരെ എന്നീ ക്ളാസുകളില്‍ ഓപ്പണ്‍ ക്വാട്ടയില്‍ പ്രവേശം ലഭിക്കില്ല. ഈ ക്ളാസുകളില്‍ സീറ്റില്ലാത്തതാണ് പ്രശ്നം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.