അജ്മാനില്‍ പൂട്ടിയ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്  മറ്റു സ്കൂളുകളില്‍ തുടര്‍പഠനത്തിന് സൗകര്യം

അജ്മാന്‍: അധ്യയന വര്‍ഷത്തിന്‍െറ അവസാനം സ്കൂള്‍ അടച്ചുപൂട്ടിയതിനെതുടര്‍ന്ന് ആശങ്കയിലായ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യഭ്യാസ മന്ത്രാലയത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് പ്രതീക്ഷയില്‍. ഏതാനും ദിവസം മുമ്പ് അടച്ചുപൂട്ടിയ അജ്മാന്‍ റുമൈലയിലെ അല്‍ സഅദ് സ്കൂളിലെ 650 ഓളം വിദ്യാര്‍ഥികള്‍ക്ക്  മറ്റു രണ്ടു സ്കൂളുകളില്‍ പഠനം തുടരാന്‍ സൗകര്യമൊരുക്കാമെന്ന് മന്ത്രാലയം അറിയിച്ചതായാണ് വിവരം. 
കഴിഞ്ഞദിവസം 300 ഓളം രക്ഷിതാക്കള്‍ മന്ത്രാലയത്തിലത്തെി  മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റോയല്‍ അക്കാദമി, ഈസ്്റ്റ്പോയന്‍റ് എന്നീ സ്കൂളുകളില്‍ കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരമൊരുങ്ങുന്നത്.  
സ്കൂള്‍ അടച്ചുപൂട്ടിയത് കുട്ടികളുടെ പഠനത്തെ ഒരുവിധത്തിലും ബാധിക്കില്ളെന്നും റോയല്‍ അക്കാദമി, ഈസ്റ്റ്പോയന്‍റ് എന്നീ സ്കൂളുകളിലായി വ്യാഴാഴ്ചയോടെ പഠനം തുടരാന്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതിയോടെ നടപടി സ്വീകരിച്ചതായും അല്‍ സഅദ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കെ.ജി. വണ്‍, കെ.ജി. ടു, ഒന്ന്,രണ്ട് ക്ളാസുകളിലെ കുട്ടികള്‍ക്ക് റോയല്‍ അക്കാദമിയിലും മൂന്ന് ,നാലു ക്ളാസുകളിലെ കുട്ടികള്‍ക്ക് ഈസ്റ്റ്പോയന്‍റ് സ്കൂളിലും ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കാം. സഹോദരങ്ങള്‍ക്ക് ഒരേ സ്കൂളില്‍ തുടരണമെന്നുണ്ടെങ്കില്‍ റോയല്‍ അക്കാദമിയില്‍ അതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 
അല്‍ സഅദിലെ അധ്യാപകര്‍ തന്നെയായിരിക്കും ഇവരെ പഠിപ്പിക്കുക. സിലബസിലും യൂനിഫോമിലും മാറ്റമുണ്ടാകില്ല. ഇതുസംബന്ധിച്ച ഫയലുകള്‍ അതാത് സ്കൂളിലേക്ക് മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം കൈമാറിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. 
കാല്‍നൂറ്റാണ്ടോളമായി അല്‍ റുമൈലയിലെ പഴയ വില്ലയിലാണ് അല്‍ സഅദ് സ്കൂള്‍ പ്രവര്‍ത്തിച്ചുവന്നത്. ഇവിടത്തെ സ്ഥല പരിമിതി മൂലം പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ മാസങ്ങള്‍ക്ക് മുന്‍പേ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നോട്ടീസ് ലഭിച്ച വിവരം മാനേജ്മെന്‍റ് തങ്ങളെ അറിയിക്കുകയോ യോഗം വിളിച്ചുചേര്‍ക്കുകയോ ഒന്നും ഉണ്ടായില്ളെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുന്നതിന് ഏതാനും മാസം മാത്രമുള്ളപ്പോള്‍ സ്കൂള്‍ പൂട്ടിയത് 650 ലധികം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.
ഇതേതുടര്‍ന്ന് ഞായറാഴ്ച അല്‍സഅദ്  സ്കൂളിലെ പ്രിന്‍സിപ്പലിനെയും കൂട്ടി രക്ഷിതാക്കള്‍ വിദ്യഭ്യാസ  മന്ത്രാലയത്തിലത്തെി അധികൃതരുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തി. ഇതിന്‍െറ ഫലമായാണ് അനിശ്ചിതത്വം നീങ്ങുന്നത്. അതേസമയം അടുത്ത അധ്യയന വര്‍ഷം ഈ കുട്ടികളുടെ പഠനം ഇതേ സ്കൂളുകളില്‍ തുടരാനാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ രക്ഷിതാക്കളുടെ ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.