നിലവാരക്കുറവ്: 24 സ്വകാര്യ സ്കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

അബൂദബി: മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 24 സ്വകാര്യ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) വിലക്കേര്‍പ്പെടുത്തി. അഡെക് നടത്തിയ മൂന്ന് പരിശോധനകളിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 
അല്‍ ഐന്‍ അല്‍ ഖലീജ്, അല്‍ അവാലി അല്‍ ഐന്‍, അല്‍ ഇത്തിഹാദ്, അല്‍ ഇമാന്‍, അല്‍ഐന്‍ ഇറാനിയന്‍, അല്‍ മാലി ഇന്‍റര്‍നാഷനല്‍, ഏഷ്യന്‍ ഇന്‍റര്‍നാഷനല്‍ (റുവൈസ്), ബറായിം അല്‍ഐന്‍, ദാറുല്‍ ഉലൂം അല്‍ഐന്‍, എമിറേറ്റ്സ് ഫ്യൂച്ചര്‍  ഇന്‍റര്‍നാഷനല്‍ അക്കാദമി, ഫ്യൂച്ചര്‍ ഇന്‍റര്‍നാഷനല്‍, ഇബ്ദു ഖല്‍ദൂന്‍ ഇസ്ലാമിക്, ഇന്‍റര്‍നാഷനല്‍ പ്രൈവറ്റ്, പാകിസ്താനി ഇസ്ലാമിക്, പലസ്തീന്‍ പ്രൈവറ്റ് അക്കാദമി, സയന്‍റിഫിക് ഡിസ്റ്റിങ്ഷന്‍, യുനൈറ്റഡ് ബനിയാസ്, യൂനിവേഴ്സല്‍ എന്നീ സ്കൂളുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.  നിലവാരം മെച്ച പ്പെടുത്തുന്നതിന് ഈ സ്കൂളുകള്‍ക്ക് ആവശ്യമായ സമയം അനുവദിച്ചിരുന്നുവെന്ന് അഡെക് വക്താവ് ഹമദ് അല്‍ ദാഹിരി പറഞ്ഞു. 
യു.എ.ഇയില്‍ ഇത്തരത്തിലുള്ള വിലക്ക് ആദ്യമാണ്. കുട്ടികള്‍ക്ക്  ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം അഡെക് സംരക്ഷിക്കും. ചില സ്കൂളുകള്‍ക്ക് നേരത്തെ തന്നെ രണ്ട് മുന്നറിയിപ്പ് കത്തുകള്‍ നല്‍കുകയും പുതിയ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 
പരിശോധനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ ഓരോ സ്കൂളിനെയും കൃത്യമായി അറിയിച്ചിട്ടുണ്ട്. ഏതൊക്കെ മേഖലകളിലാണ് സ്കൂളുകള്‍ മോശമന്നും എന്തൊക്കെ കാര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഈ അറിയിപ്പില്‍ വിിവരിച്ചിരുന്നുവെന്നും ദാഹിരി കൂട്ടിച്ചേര്‍ത്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസമുള്ള സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ അഡെക് രക്ഷിതാക്കളെ ആഹ്വാനം ചെയ്തു.  താങ്ങാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന നിരവധി സ്കൂളുകളുണ്ടെന്നും അവര്‍ അറിയിച്ചു. മോശമായ സ്കൂളുകള്‍ രാജ്യം അഭിലഷിക്കുന്ന വിദ്യാഭ്യാസ നിലവാരത്തിലേക്ക് എല്ലാ നിലക്കും എത്തിക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്ന് അഡെക് ഡയറക്ടര്‍ ജനറല്‍ ഡോ. അലി അല്‍ നുഐമി പറഞ്ഞു.  
ഇത്തരം സ്കൂളുകള്‍ക്ക് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുക ദുഷ്കരമായിരിക്കുമെന്ന് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍റും അഡെകിന്‍െറ മുന്‍ സ്കൂള്‍ വികസന മാനേജറുമായ ജെഫ് ഇവാന്‍സ് അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ലോകോത്തര നിലവാരമാണ് പരിശോധകര്‍ ആവശ്യപ്പെടുന്നത്. ഇത് രക്ഷിതാക്കള്‍ക്ക് ഗുണകരവുമാണ്. എന്നാല്‍, കുറഞ്ഞ ഫീസ് വാങ്ങുന്ന ചില സ്കൂളുകള്‍ക്ക് ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.